ഹജ് തീർഥാടകർ അറഫയിൽ സംഗമിച്ചു

മഹാമാരിയിൽ നിന്നുള്ള മോചനത്തിനായി പ്രാർഥനയോടെ ഹജ് തീർഥാടകർ അറഫയിൽ സംഗമിച്ചു. അറഫയിലെ നമിറ പള്ളിയിലായിരുന്നു അറഫ പ്രഭാഷണം. ആയിരത്തോളം തീർഥാടകർ ഈ രാത്രി മുസ്ദലിഫയിലേക്ക് നിങ്ങുകയാണ്.

മഹാമാരിക്കാലത്ത് ഹജിന് അവസരമൊരുക്കിയതിന് നന്ദി പറഞ്ഞും പകർച്ചവ്യാധിയിൽ നിന്ന്  ലോക ജനതയുടെ മോചനത്തിനായി മനമുരുകുയും തീർഥാടകർ അറഫയിൽ സംഗമിച്ചു.   അറഫ മൈതാനിയിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ റഹ്മയിൽ വച്ചാണ് പ്രവാചകന്റെ വിഖ്യാതമായ വിടവാങ്ങൽ പ്രസംഗം നടന്നത്. അതിൻറെ ഓർമകളുമായി വിശാലമായ നമിറ പള്ളിയിലായിരുന്നു അറഫ പ്രഭാഷണം.  റോയൽ കോർട്ട് ഉപദേഷ്ടാവും സൗദി ഉന്നത പണ്ഡിത സഭാംഗവുമായ ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ സുലൈമാൻ അൽ മനീഅയാണ് അറഫാ പ്രസംഗം നിർവഹിച്ചത്.  തീർഥാടകർ പ്രദോഷനമസ്കാരത്തിന് ശേഷം അറഫയ്ക്കും മിനയ്ക്കും ഇടയിലെ മുസ്ദലിഫയിലേക്ക് നീങ്ങി. ഈ രാവിൽ മുസ്ദലിഫയിലാണ് ഹാജിമാർ തങ്ങുന്നത്.

പിശാചിന്റെ പ്രതീകങ്ങളായ ജംറയെ എറിയാനുള്ള കല്ലുകൾ ഇവിടെ നിന്നാണ് ശേഖരിക്കേണ്ടതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേകം അണുവിമുക്തമാക്കിയ കല്ലുകൾ തീർഥാടകർക്ക് നേരത്തേ നൽകിയിട്ടുണ്ട്.  പെരുന്നാൾ ദിവസം ജംറകളിലെ കല്ലെറിയൽ പൂർത്തിയാക്കിയ ശേഷം ത്വവാഫിനായി മസ്ജിദുൽ ഹറമിലേക്ക് നീങ്ങും. മലയാളികളടക്കം 160 രാജ്യങ്ങളിൽ നിന്നുള്ള ആയിരം പേരാണ് ഇത്തവണത്തെ ഹജ്ജിൻറെ ഭാഗമാകുന്നത്. അതിൽ 700 പേരും സൌദിയിൽ താമസിക്കുന്ന വിദേശികളാണ്.