ഖത്തറിൽ പ്രവാസികൾക്ക് ഞായറാഴ്ച വരെ മേൽവിലാസം റജിസ്റ്റർ ചെയ്യാം

ഖത്തറിൽ ദേശീയമേൽവിലാസ നിയമത്തിൻറെ ഭാഗമായി പ്രവാസികളടക്കമുള്ളവർക്ക് മേൽവിലാസം റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കും.  പൗരന്മാരും താമസക്കാരായ മുഴുവൻ പ്രവാസികളും മേൽവിലാസ വിവരങ്ങൾ നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. ഇരുപത്താറാം തീയതിയ്ക്കകം റജിസ്റ്റര്‍ ചെയ്യാത്തവര്‍ നിയമ നടപടി നേരിടേണ്ടി വരും. 

വ്യക്തികൾ, സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവയുടെ പൂർണമേൽവിലാസം ശേഖരിച്ച് സർക്കാരിൻറെ വികസന പദ്ധതികളുടെ ഭാഗമാക്കുന്നതിനായാണ് മേൽവിലാസ നിയമം. ദേശീയ മേല്‍വിലാസ നിയമപ്രകാരം 18വയസിനു മുകളിലുള്ള രാജ്യത്തെ പൗരന്മാര്‍, ഖത്തർ‍ ഐഡിയുള്ള താമസക്കാര്‍ തുടങ്ങിയവർക്ക് മേല്‍വിലാസം റജിസ്റ്റര്‍ ചെയ്യാൻ ആറു മാസത്തെ സമയമാണ് ജനുവരി മുതൽ അനുവദിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (https://portal.moi.gov.qa), മെട്രാഷ്-2 മൊബൈൽ ആപ്ലിക്കേഷൻ, സർക്കാർ ഏകീകൃത സേവന കേന്ദ്രങ്ങൾ എന്നിവ വഴി റജിസ്ട്രേഷൻ ചെയ്യാം. 

ഖത്തറിലെ മൊബൈൽ, ലാൻഡ് ഫോൺ നമ്പറുകൾ, താമസിക്കുന്ന വീടിന്റെ വിലാസം, ഇ-മെയിൽ, ജോലി ചെയ്യുന്ന കമ്പനിയുടെ വിലാസം, സ്വദേശത്തെ സ്ഥിര മേൽവിലാസം എന്നിവയാണ് നൽകേണ്ടത്. ഗാർഹിക തൊഴിലാളികൾ തൊഴിലുടമകൾ വഴിയാണ് വിലാസം റജിസ്റ്റർ ചെയ്യേണ്ടത്. രാജ്യത്തേക്ക് മടങ്ങാനാകാതെ സ്വദേശങ്ങളിൽ കുടുങ്ങിയ പ്രവാസികൾ തിരിച്ചെത്തുമ്പോൾ തെളിവ് സഹിതം കാരണം ബോധ്യപ്പെടുത്തിയാൽ മതിയാകും. 26 ന് മുൻപ് റജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ ഖത്തർ ഐഡി പുതുക്കിലഭിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഒപ്പം 10,000 റിയാലിൽ കുറയാത്ത പിഴയും അടയ്ക്കേണ്ടി വരും.