ദുബായിൽ ഫ്രീസോണുകളിൽ ഏഴ് ലക്ഷം തൊഴിലവസരങ്ങൾ; മലയാളികൾക്ക് പ്രതീക്ഷ

ദുബായിലെ ഫ്രീസോണുകളിൽ ഏഴ് ലക്ഷം തൊഴിലവസരങ്ങൾ ഒരുക്കുമെന്നു ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പ്രഫഷനൽ യോഗ്യതയുള്ളവർക്കാകും മുഖ്യ പരിഗണന. കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും കിരീടാവകാശി വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധിക്കിടെ പ്രവാസിമലയാളികൾക്കടക്കം പ്രതീക്ഷയേകുന്നതാണ് ദുബായ് കിരീടാവകാശിയുടെ പ്രഖ്യാപനം. ഫ്രീ സോൺ മേഖലകളിൽ ഏഴ് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. സാമ്പത്തിക മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ദുബായ് ഫ്രീസോൺസ് ഡവലപ്മെന്റ് മോഡൽ 2030ന് എക്സിക്യൂട്ടീവ് അംഗീകാരം നൽകി. എമിറേറ്റിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 13,500 കോടി ദിർഹത്തിൽ നിന്ന് 25,000 കോടി ദിർഹമാക്കാൻ ലക്ഷ്യമിടുന്നതായും ജബലലി ഫ്രീ സോണിൽ ചേർന്ന യോഗത്തിൽ ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. നിർമാണം, വ്യാപാരം, തൊഴിൽ, ഉല്ലാസം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകി വിദേശനിക്ഷേപം ആകർഷിക്കാനുള്ള കർമപരിപാടിക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. തുറമുഖ വികസനമാണ് നടപ്പാക്കാനൊരുങ്ങുന്ന പ്രധാന പദ്ധതികളിലൊന്ന്. കോവിഡ് കാലഘട്ടത്തിനു ശേഷമുള്ള വികസന പദ്ധതികളിൽ തുറമുഖത്തിനു വലിയ പങ്കുവഹിക്കാനാകുമെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.