മകന് മുഴുവൻ എ പ്ലസ്; നാട്ടിലേക്ക് പുറപ്പെട്ട മലയാളി എയർപോർട്ടിൽ കുഴഞ്ഞുവീണു മരിച്ചു

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേയ്ക്ക് പുറപ്പെട്ട മലയാളി വിമാനത്താവളത്തിൽ കുഴുഞ്ഞു വീണ് മരിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് 19 പോസിറ്റീവാണെന്നും കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രന്‍ മന്‍ച്ചക്കല്‍ (50) ആണ് ചൊവ്വാഴ്ച രാത്രി റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽ മരിച്ചത്. 

അജ്മാനിലെ ഒരു ജ്വല്ലറിക്ക് കീഴില്‍ സ്വര്‍ണാഭരണ നിർമാണ ജോലി ചെയ്തിരുന്ന പവിത്രന്‍ കോവിഡ് 19 കാരണം കഴിഞ്ഞ മൂന്നു മാസത്തോളമായി തൊഴിൽ ഇല്ലാതെ കഴിയുകയായിരുന്നു. തുടര്‍ന്ന്, സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ വിമാന ടിക്കറ്റ് സ്വന്തമാക്കി നാട്ടിലേയ്ക്ക് പോകാന്‍ തീരുമാനിച്ചു. ചാർട്ടേർഡ് വിമാനമായ സ്‌പൈസ് ജെറ്റിൽ യാത്ര തിരിക്കാൻ അജ്മാനില്‍ നിന്നു ബസ് മാര്‍ഗമാണ് ഇദ്ദേഹം റാസൽഖൈമയിലെത്തിയത്.

മകന്റെ എസ്എസ്എല്‍സി പരീക്ഷാഫലം വന്ന ദിവസം തന്നെ നാട്ടിലേയ്ക്ക് മടങ്ങാൻ സാധിക്കുന്നതിൽ പവിത്രൻ ഏറെ സന്തോഷവാനായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മകൻ ധനൂപിന് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കൂടി കിട്ടിയതോടെ സന്തോഷം ഇരട്ടിക്കുകയും ചെയ്തു. മകൻ ഏറെ കാലമായി ആവശ്യപ്പെടുന്ന മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു. പിന്നീട്, സുഹൃത്തുക്കൾ പലരും പവിത്രനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. പിന്നീടാണ് മരിച്ചവിവരം അറിയുന്നത്. സുമിത്രയാണ് ഭാര്യ. ധനുഷ,  ധമന്യ എന്നിവര്‍ മറ്റു മക്കളാണ്. സഹോദരങ്ങൾ: രവീന്ദ്രന്‍, ശോഭ.

പവിത്രന്റെ മകന്‍റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ഷംഷീർ വയലിൽ

പവിത്രന്റെ മകൻ ധനൂപിന്റെ തുടർ പഠന ചെലവ് ഏറ്റെടുത്തതായി വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ അറിയിച്ചു. പ്ലസ്‌ടു, ബിരുദ പഠന ചെലവുകളാണ് ഡോ.ഷംഷീർ വഹിക്കുക. അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറും.  അത്താണി നഷ്ടമായി ദുരിതത്തിലായ കുടുംബത്തിന് പിന്തുണയുമായി ദേശീയ ഡോക്ടേഴ്‌സ് ദിനത്തിൽ ഡോ.ഷംഷീർ എത്തിയത് യാദൃച്ഛികം.