പരാതികളും പരിഭവങ്ങളുമില്ല; വിജയകരമായി പൂർത്തിയാക്കി വന്ദേഭാരതത്തിന്റെ മൂന്നാം ഘട്ടം

വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടവും വിജയകരമായി പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് യുഎഇ ആസ്ഥാനമായ അറേബ്യൻ ട്രാവൽ ഏജൻസി. ഏഴ് എമിറേറ്റുകളിൽ നിന്നുള്ള ഏജൻസി ഓഫീസുകൾ വഴിയാണ് വന്ദേഭാരത് വിമാനങ്ങളിലേക്ക് ടിക്കറ്റ് വിതരണം നടത്തിയത്. വിമാനം വൈകുന്നുവെന്ന പതിവ് പരാതിയില്ലാതെയാണ് ദൌത്യം നാലാം ഘട്ടത്തിലേക്ക് കടക്കുന്നത്.

അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് തുടങ്ങിയവർ നൽകുന്ന മാർഗനിർദേശപ്രകാരമാണ് അറേബ്യൻ ട്രാവൽ ഏജൻസി വന്ദേഭാരത് ദൌത്യത്തിൻറെ ഭാഗമായി പ്രവർത്തിക്കുന്നത്. ഏറ്റവുംകൂടുതൽ പ്രവാസികൾ വന്ദേഭാരത് ദൌത്യത്തിലൂടെ നാട്ടിലേക്ക് മടങ്ങിയത് യുഎഇയിൽ നിന്നാണ്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസിൻറെ 170ഓളം വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഇവരുടെ യാത്രാകാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഏജൻസിയിലെ 150ഓളം ജീവനക്കാരാണ്.

വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട പതിവുപരാതികൾ വന്ദേഭാരത് ദൌത്യത്തിനിടെ ഉയർന്നു കേട്ടില്ല എന്നത് ജീവനക്കാരുടെ പരിശ്രമത്തിൻറെ ഭാഗമാണെന്നാണ് ഏജൻസി വ്യക്തമാക്കുന്നത്. പരാതികളും പരിഭവങ്ങളുമില്ലാതെ അർഹരായവരെ എത്രയും വേഗം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാരും അധികൃതരും. ഷാർജ, ഉപഭരണാധികാരി ഷെയ്ഖ് അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ ഉടമസ്ഥതയിലുള്ളതാണ് അറേബ്യൻ ട്രാവൽ ഏജൻസി