നിതിന്റെ ഓർമകളിൽ സുഹൃത്തുക്കൾ രക്തദാന ക്യാംപ് സംഘടിപ്പിച്ചു

ദുബായിൽ മരിച്ച സാമൂഹ്യപ്രവർത്തകൻ നിതിൻ ചന്ദ്രൻറെ ഓർമകളിൽ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ രക്തദാനക്യാംപ് സംഘടിപ്പിച്ചു. യുഎഇയിലെ മൂന്നിടങ്ങളിലായാണ് ബ്ളഡ് ഡോണേഴ്സ് കേരള യുഎഇയുടെ നേതൃത്വത്തിൽ ക്യാംപ് സംഘടിപ്പിച്ചത്. ഈ സംഘടനയിലെ സജീവപ്രവർത്തകരായിരുന്നു അന്തരിച്ച നിതിനും ഭാര്യ ആതിരയും.

ബ്ളഡ് ഡോണേഴ്സ് കേരള യുഎഇ പതിവുപോലെ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സജീവഅംഗമായിരുന്ന നിതിൻ ഇല്ലാതെ.  അടിയന്തിര ഘട്ടങ്ങളിൽ രക്തമെത്തിക്കുന്നതടക്കം സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നിതിൻറെ വേർപാടിനു ശേഷം ആദ്യമായി നടത്തിയ രക്തദാന ക്യാംപിൽ നിതിൻറെ ഓർമകളിലായിരുന്നു സുഹൃത്തുക്കൾ. നിതിനും ഭാര്യ ആതിരയും സജീവമായിരുന്ന ബ്ളഡ് ഡോണേഴ്സ് കേരള യുഎഇയുടെ നേതൃത്വത്തിൽ ദുബായ്, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിൽ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. സ്ത്രീകളടക്കം അഞ്ഞൂറിലധികം പേരാണ് രക്തദാനം നിർവഹിച്ചത്.

ഓരോ എമിറേറ്റിലേയും ആരോഗ്യവകുപ്പിൻറെ സഹകരണത്തോടെയാണ് രക്തദാനക്യാംപ് സംഘടിപ്പിച്ചത്. 50 വൊളൻറിയേഴ്സാണ് ഇതിനായി പ്രവർത്തിച്ചത്. നിതിൻ ആഗ്രഹിച്ചത് പോലെ രക്തദാന ക്യാംപുകളും സന്നദ്ധപ്രവർത്തനങ്ങളും  കൂടുതൽ സജീവമാക്കുകയാണ്  ബ്ളഡ് ഡോണേഴ്സ് കേരള യുഎഇയിലെ സുഹൃത്തുക്കൾ.