വീടിന് തീപിടിച്ച് 7 കുട്ടികൾ മരിച്ച സംഭവം; മാതാവിന് തടവും പിഴയും ശിക്ഷ

വീടിന് തീ പിടിച്ച് ഏഴ് കുട്ടികൾ മരിക്കാനിടയായ കേസിൽ മാതാവിന് തടവും പിഴയും. മനുഷ്യഹത്യയ്ക്ക് മാതാവ് ആറ് മാസം തടവനുഭവിക്കുകയും 14 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകുകയും വേണമെന്ന് ഫുജൈറ കോടതി ഉത്തരവിട്ടു.

രണ്ടു വർഷം മുൻപ് പുലർച്ചെ 4.50നായിരുന്നു യുഎഇയിലെ ദുഃഖത്തിലാഴ്ത്തിയ ദുരന്തം. അഞ്ച് മുതൽ 15 വയസു വരെയുള്ള നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും വീടിനുള്ളിൽ പുക ശ്വസിച്ച് മരിക്കുകയായിരുന്നു. ഉറങ്ങുകയായിരുന്ന ഇരട്ടക്കുട്ടികളായ സാറ, സുമയ്യ(5), അലി(9), ഷെയ്ഖ(10), അഹ് മദ്(11), ഖലീഫ(13), ഷൂഖ്(15) എന്നീ കുട്ടികളാണ് മരിച്ചത്. ഇവരെ മാതാവ് വീടിനുള്ളിൽ ഉറങ്ങാൻ വിട്ട് മുറി പൂട്ടിയിട്ടതായിരുന്നു. അഗ്നിബാധയുണ്ടായപ്പോൾ ഉറക്കത്തിൽ നിന്നുണർന്ന കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും മുറി പൂട്ടിയിട്ടതിനാൽ കനത്ത പുകയിൽ നിന്ന് രക്ഷപ്പെടാനായില്ലെന്ന് കോടതി പറഞ്ഞു.

സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാ വിഭാഗം രക്ഷപ്രവർത്തനം നടത്തിയപ്പോഴേയ്ക്കും കുട്ടികളെല്ലാം മരിച്ചിരുന്നു. കുട്ടികളുടെ മുറിയിലെ ശീതീകരണിയിൽ  വൈദ്യുതി ഷോർട് സർക്യൂട്ട് ഉണ്ടായതാണ് അഗ്നിബാധയ്ക്ക് കാരണമായത്. തീ പിന്നീടത് വീട് മുഴുവനും വ്യാപിച്ചു. പിതാവ് ഒരു വർഷം മുൻപ് മരിച്ചതിന് ശേഷം മാതാവായിരുന്നു കുട്ടികളെ കഷ്ടപ്പെട്ട് വളർത്തിയത്. റോൽ ദാദ് ന ഗ്രാമത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്.