'ഞങ്ങളിവിടെ കിടന്നു മരിക്കുന്നതിന് മുൻപ് രക്ഷിക്കൂ'; ഇറാനിൽ നിന്നും മത്സ്യത്തൊഴിലാളികൾ

 'നാളെ വരും മറ്റന്നാൾ വരും എന്ന് പറയുന്നതല്ലാതെ, ഇത്രയും നാളായിട്ട് ആരും ഞങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ല. അടുത്തു ആശുപത്രി പോലുമില്ല. സുഖമില്ലാതെ ആയി അകലെയുള്ള ആശുപത്രിയിൽ ചെന്നപ്പോൾ വളരെ ദൂരെ നിർത്തിയാണ് പരിശോധിച്ചത്. കടകളിൽ മാസ്ക് ലഭ്യമല്ല. കേരളത്തിൽ പ്രളയത്തിൽ സ്വയംരക്ഷ മറന്ന് മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചവർ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നിട്ടും ഞങ്ങളെ ആരും ഒന്നു തിരിഞ്ഞുപോലും നോക്കുന്നില്ലല്ലോ.'  ഇറാനില്‍ കുടുങ്ങി കോവിഡ്–19 ഭീതിയിൽ കഴിയുന്ന 50 മലയാളികളടക്കം 250 മത്സ്യത്തൊഴിലാളികളുടെ ദയനീയ വാക്കുകളാണിത്. ഇവരുടെ കദനകഥ മനോരമ ഒാൺലൈനിലൂടെ ഫെബ്രുവരി 28ന് പുറംലോകം അറിഞ്ഞെങ്കിലും ഇതുവരെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന്റെ സഹായം ലഭിച്ചില്ലെന്ന് ഇവർ പരാതിപ്പെടുന്നു.

ഇറാൻ മൊഖാം റൂറൽ ഡിസ്ട്രിക്ടിൽപ്പെട്ട ബന്ദർ ഇ ഷിറു എന്ന ദ്വീപിലും ഇതിനടുത്തെ പ്രദേശങ്ങളിലുമായി ആയിരത്തോളം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിലേയ്ക്ക് തിരിച്ചുപോകാനാകെ ബാക്കിയാവുകയായിരുന്നു. ബന്ദർ ഇ ഷിറുയയിൽ മാത്രം 250ലേറെ പേർ കുടുങ്ങിക്കിടപ്പുണ്ട്. വാർത്തകളെ തുടർന്ന് കിഷിൽ കുടുങ്ങിയവർക്ക് ഇറാനിലെ ഇന്ത്യൻ എംബസിയുടെ സഹായം ലഭിച്ചെങ്കിലും ബന്ദർ ഇ ഷിറുവിൽ കുടുങ്ങിയവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ല.

മലയാളികളെ കൂടാതെ, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ളവരാണ് ഇവിടെയുള്ളത്. യുഎഇ വഴിയാണ് ഇവർ ഇവിടെയെത്തിയത്. ഏകദേശം രണ്ട് വർഷത്തോളമായി ഇവരി‍ൽ പലരും നാട്ടിലേയ്ക്ക് പോയിട്ട്. മത്സ്യബന്ധനം നടത്തി ലഭിക്കുന്ന തുച്ഛമായ ശമ്പളത്തിലാണ് ഇവരും നാട്ടിലെ കുടുംബവും ജീവിക്കുന്നത്. നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു പലരും. എന്നാൽ അപ്പോഴേയ്ക്കും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് വിമാന സർവീസുകൾ മുടങ്ങിയതോടെ മടക്കയാത്ര അവതാളത്തിലായി.

കൊറോണ വൈറസ് ബാധ ഇറാനിൽ രൂക്ഷമായതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതേ തുടർന്ന് ഇവരുടെ അടുത്തൊന്നും മറ്റു പ്രദേശങ്ങളിൽ നിന്ന് ആരും എത്തുന്നില്ല. ഭക്ഷണ സാധനങ്ങളെല്ലാം തീരാറായെന്നും ഇൗ നില തുടർന്നാൽ തങ്ങൾ പട്ടിണിയിലാകുമെന്നും ഇവർക്ക് ആശങ്കയുണ്ട്. അത്യാവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ മുഖാവരണം പോലും കൈയിലില്ല. എത്രയും പെട്ടെന്ന് പ്രശ്നത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയും തമിഴ് നാട്, ഗുജറാത്ത് മുഖ്യമന്ത്രിമാരും ഇടപെട്ട് തങ്ങളെ രക്ഷപ്പെടുത്തണമെന്ന് ഇവർ അഭ്യർഥിക്കുന്നു. 

11 ദിവസം മുൻപ് ഇവർ തങ്ങളുടെ ദുരിതം വിവരിക്കുന്ന വിഡിയോ മനോരമ വഴി അധികൃതരെ അറിയിച്ചിരുന്നു. എന്നിട്ടും ആരും തിരിഞ്ഞുനോക്കാത്തതിൽ ഇവർ തങ്ങളുടെ വിഷമം പുതിയ വീഡിയോയിൽ പങ്കിടുന്നു. നാട്ടിൽ കുടുംബം വലിയ ആശങ്കയിൽ‌ കഴിയുകയാണ്. ഇന്നുവരെ ഒരു ഫോൺ കോള്‍ പോലും അധികൃതരിൽ നിന്ന് ലഭിച്ചിട്ടില്ല. ഞങ്ങൾ വിളിച്ചാൽ ഫോണെടുക്കുന്നില്ല. കിഷ് ദ്വീപിൽ നിങ്ങൾ ഒന്നു പോവുകയെങ്കിലും ചെയ്തു. എന്നാൽ, ഞങ്ങളുടെ കാര്യത്തിൽ യാതൊരു ഉത്തരവാദിത്തവും കാണിക്കുന്നില്ല. ഒന്നു വന്ന് കണ്ടിരുന്നെങ്കിൽ ഒരു ആശ്വാസമെങ്കിലും തോന്നുമായിരുന്നു. ഇവിടെ കിടന്നു മരിക്കണമെന്നാണോ നിങ്ങൾ പറയുന്ന്? ഇതിന് ഉത്തരം തരൂ –മലയാളികളിലൊരാൾ കരഞ്ഞുകൊണ്ട് വിഡിയോയിൽ പറയുന്നു.

കോവി‍ഡ് പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പേർക്ക് കൊറോണ ബാധയുണ്ടായതും മരണം സംഭവിച്ചതും ഇറാനിലാണ്. ഇന്നലെ(തിങ്കൾ) വരെ ഇറാനിൽ ആകെ 237 മരണം സംഭവിച്ചതായി ഇറാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.