പിഞ്ചു കുഞ്ഞായിരിക്കെ സൗദി വനിത തട്ടിയെടുത്തു; 26–ാം വയസിൽ തിരികെ കുടുംബത്തിൽ; അപൂർവം

വർഷങ്ങൾക്കു മുൻപ് മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയ സൗദി വനിത മർയമിൽ നിന്ന് ഒരാളെ മോചിപ്പിച്ചു കുടുംബത്തെ ഏൽപ്പിച്ചു. 26കാരനായ നായിഫ് മുഹമ്മദ് അൽ ഖറാദിയാണ് കാൽനൂറ്റാണ്ടിനു ശേഷം സ്വന്തം കുടുംബത്തിന്റെ സ്നേഹത്തണലിലെത്തിയത്. നഴ്സിന്റെ വേഷത്തിൽ എത്തിയാണ് മർയം 1993 ജൂലൈ 4 ന് നായിഫിനെ ഖത്തീഫ് ആശുപത്രിയിൽനിന്നു തട്ടിക്കൊണ്ടുപോയത്.

പിന്നീട് മർയം ഭർത്താവിന്റെ അറിവോടെ ഫാമിലി കാർഡിൽ നായിഫിന്റെ പേരുകൂടി ചേർക്കുകയായിരുന്നു. ഈ കേസിൽ മുൻ ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് മർയം തട്ടിക്കൊണ്ടുവന്ന 2 കുട്ടികളെ ചേർക്കാൻ രണ്ടാം ഭർത്താവ് അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവർക്ക് സൗദി തിരിച്ചറിയൽ കാർഡ് എടുക്കാനും സാധിച്ചിരുന്നില്ല. ഇതിനായി ഈയിടെ നൽകിയ അപേക്ഷകളിലെ അവ്യക്തതയും മൊഴികളിലെ വൈരുധ്യവുമാണ് തട്ടിക്കൊണ്ടുപോകൽ പരമ്പരയുടെ ചുരുളഴിച്ചത്. 26 വർഷത്തിനുശേഷം തിരിച്ചെത്തിയ നായിഫിനെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും നാട്ടുകാരും ജിസാൻ വിമാനത്താവളത്തിലെത്തിയിരുന്നു.

ഈയൊരു ദിവസത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്നും ശിഷ്ടകാലം സ്വന്തം കുടുംബത്തിന്റെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളുമെന്നും നായിഫ് പറഞ്ഞു. മകൻ തിരിച്ചെത്തുന്നതറിയാതെ നായിഫിന്റെ പിതാവ് 2 മാസം മുൻപ് മരണപ്പെട്ടിരുന്നു. ആൺമക്കളില്ലാത്തതിന്റെ പ്രയാസത്തിലാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയി വളർത്തിയതെന്നു മർയം പറഞ്ഞു. ആശുപത്രി രേഖകൾ സമാഹരിച്ചു യഥാർഥ രക്ഷിതാക്കളെ കണ്ടെത്തിയ അധികൃതർ ഇവരുടെയെല്ലാം ഡിഎൻഎ പരിശോധന നടത്തി ഉറപ്പുവരുത്തിയാണ് കൈമാറിയത്. രണ്ടാമത്തെ കുട്ടി മുഹമ്മദ് അൽഅമ്മാരിയെ 1996 സെപ്റ്റംബർ എട്ടിനും മൂന്നാമത്തെ കുട്ടി മൂസ അൽഖുനൈസിയെ 1999 ജൂലൈ 21 നുമാണ് ദമാം ആശുപത്രിയിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഇയാളെ നേരത്തേ ബന്ധുക്കളെ ഏൽപിച്ചിരുന്നു. മുഹമ്മദ് അൽഅമ്മാരി യെമൻ സ്വദേശിയാണെന്നാണു സൂചന.