മണിക്കൂറിന് 55 ദിർഹം; സെൽഫി പ്രേമികൾക്കായി ദുബായിൽ ഒരിടം; വേറിട്ട കാഴ്ച

സെൽഫി ഹരമായവർക്കും ഫോട്ടോഗ്രാഫി കമ്പമുള്ളവർക്കും കൊതിതീരുവോളം ചിത്രങ്ങളെടുക്കാൻ ഒരിടമാവുകയാണ് മോട്ടർസിറ്റിയിലെ സെൽഫി കിങ്ഡം. ഇവിടെ വരുന്നവരാണ് ഈ രാജ്യത്തെ രാജാവും രാജ്ഞിയും. ചാഞ്ഞും ചരിഞ്ഞും ഇരുന്നും കിടന്നുമെല്ലാം മതിവരുവോളം സെൽഫി എടുക്കാം. പൂപ്പന്തലിന് കീഴെയോ കുളിത്തൊട്ടിയിൽ കുളിച്ചു തിർമിർത്തുകൊണ്ടോ തുഷാരം വീണുറയുന്ന പശ്ചാത്തലത്തിൽ ചാടി മറിഞ്ഞോ സെൽഫി എടുക്കാം.

ചെമ്പനീർപ്പൂവിതളുകൾ വീണു കിടക്കുന്ന പശ്ചാത്തലത്തിലും ഐസ്ക്രീം നുണഞ്ഞു കൊണ്ടും കിരീടം വച്ച് സിംഹാസനത്തിൽ ഇരുന്നു കൊണ്ടും ചിത്രങ്ങളെടുക്കാനും അവസരമുണ്ട്. ചിത്രകാരൻ വാൻഗോവിന്റെ ഫ്രാൻസിലെ മഞ്ഞ വീടിന്റെ പശ്ചാത്തലവും ഇവിടുണ്ട്.  ത്രിമാനം പോലെ തോന്നിക്കുന്ന ഇവിടെ എടുക്കുന്ന ചിത്രങ്ങൾക്ക് മിഴിവേറെ.

3000 ചതുരശ്ര അടിയിൽ പതിനഞ്ചോളം പ്രമേയങ്ങളിലുള്ള സെൽഫി ഇടങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. മനസ്സിലെ മസിൽപിടിത്തം കളഞ്ഞ് കുട്ടികളെപ്പോലെ തിമിർക്കാൻ ഉദ്ദേശിച്ചാണ് ഈ സജ്ജീകരണമെന്ന് ഉടമസ്ഥയും ഹാപ്പിനെസ് സിഇഒയുമായ റാണിയ നഫ പറഞ്ഞു.

സെൽഫി പണ്ടേ ഇഷ്ടമായതു കൊണ്ട് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് കരുതിയപ്പോഴാണ് ഇങ്ങനെ ഒരു ആശയം പിറന്നതെന്ന് അവർ പറഞ്ഞു. പ്രായമായവർ പോലും ഇവിടെ എത്തിയാൽ കുഞ്ഞുങ്ങളെപ്പോലെ തുള്ളിക്കളിച്ച് സെൽഫികൾ എടുക്കുന്നത് കാണുമ്പോൾ സന്തോഷമേറയാണ്. ഫൊട്ടോ ഗ്രാഫിയോടെ കമ്പമുള്ളവർക്കും വിവാഹ ഫോട്ടോകൾ ഷൂട്ട് ചെയ്യുന്നവർക്കും മറ്റും യോജിച്ച ഇടമാണിത്. മണിക്കൂറിന് 55 ദിർഹമാണ് ഫീസ്.