ദുബായ് എക്സ്പോ 2020; ആദ്യ റിട്ടെയ്ൽ സ്റ്റോർ തുറന്നു

ദുബായ് എക്സ്പോ രണ്ടായിരത്തി ഇരുപതിന്‍റെ ആദ്യ റിട്ടെയ്ൽ സ്റ്റോർ ഗ്ളോബൽ വില്ലേജിൽ തുറന്നു. എക്സ്പോ ബ്രാൻഡ് ഉൽപന്നങ്ങൾ ലഭ്യമാകുന്ന സ്റ്റോറിൽ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. 

എക്സ്പോ രണ്ടായിരത്തിഇരുപതെന്ന വലിയ ആഘോഷത്തിലേക്ക് ഒരു ചുവടുകൂടി വയ്ക്കുകയാണ് ദുബായ് നഗരം. പ്ലാസ്റ്റിക് പുന:സംസ്കരിച്ചു നെയ്ത വസ്ത്രങ്ങൾ, റിസ്റ്റ് ബാൻഡുകൾ, ഒട്ടകപ്പാൽ ചേർത്ത ഔഷധ സോപ്പ്  എന്നിവയുൾപ്പെടെ അയ്യായിരത്തിലേറെ ഉൽപ്പന്നങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര ബ്രാൻഡുകൾക്കു പുറമെ, സ്വദേശി ഉൽപന്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ, സൌന്ദര്യ വർധക ഉൽപന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ഗെയിമുകൾ, ഭക്ഷ്യസാധനങ്ങൾ, പ്രാദേശിക ഉൽപന്നങ്ങൾ തുടങ്ങിയവ എക്സ്പോ ബ്രാൻഡുകളിൽ ലഭ്യമാണ്. 

എക്സ്പോയ്ക്കു യോജിച്ചവിധം രാജ്യാന്തര ബ്രാൻഡുകൾ ഡിസൈനിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രാദേശിക കരകൌശലവിദഗ്ധർ മുതൽ രാജ്യാന്തര ഡിസൈനർമാർ വരെ നിർമിച്ചതും രൂപകൽപന ചെയ്തതുമായ ഉൽപന്നങ്ങളാണ് സ്റ്റോറിലുള്ളതെന്നു എക്സ്പോ 2020 ദുബായ് ചീഫ് കൊമേഴ്സ്യൽ ഒാഫിസർ സഞ്ജീവ് ഖോസ് ല പറഞ്ഞു. എക്സ്പോ മുദ്രകളുള്ള കളിപ്പാട്ടങ്ങൾ, എക്സ്പോ പ്രമേയങ്ങളിലുള്ള സ്വർണ, വെള്ളി നാണയങ്ങൾ തുടങ്ങിയവ വാങ്ങാം. ഒക്ടോബർ 20 മുതൽ അടുത്തവർഷം ഏപ്രിൽ 10വരെ 173 ദിവസമാണ് എക്സ്പോ ഒരുക്കുന്നത്. ഇന്ത്യ അടക്കം 192 രാജ്യങ്ങൾ എക്സ്പോയുടെ ഭാഗമാകും.