യുഎഇയിൽ വീണ്ടും വൻ പ്രകൃതിവാതക ശേഖരം; പത്തുദിവസത്തിനിടെ രണ്ടാമത്തേത്

യുഎഇയിൽ വീണ്ടും വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി. അബുദാബിക്കും ദുബായ്ക്കും ഇടയിലാണ് അയ്യായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രകൃതിവാതകശേഖരം കണ്ടെത്തിയത്. പത്തുദിവസത്തിനിടെ രണ്ടാമത്തെ പ്രകൃതിവാതകശേഖരമാണ് യുഎഇയിൽ കണ്ടെത്തുന്നത്. 

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, യുഎഇ ഉപസർവ്വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് വൻ പദ്ധതിയുടെ പര്യവേഷണത്തിനായുള്ള കരാർ ഒപ്പുവച്ചത്. അബുദാബി ദേശീയ എണ്ണക്കമ്പനിയായ അഡ്നോക്ക്, ദുബായ് സപ്ളെ അതോറിറ്റിയുമായി ചേർന്നു പ്രകൃതിവാതക പര്യവേഷണം നടത്തും. 5,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 80 ട്രില്യൺ ക്യുബിക് അടി കരുതൽ പ്രകൃതിവാതക ശേഖരമാണ് കണ്ടെത്തിയതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വ്യക്തമാക്കി.

ജബൽ അലി പ്രോജക്ട് എന്ന പേരിലുള്ള പദ്ധതി പ്രകൃതിവാതക വിതരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും വരും വർഷങ്ങളിൽ രാജ്യത്തെ പ്രധാന വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനും സഹായകരമാകുമെന്നു ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. കഴിഞ്ഞമാസം ഇരുപത്തേഴിനു ഷാർജയിലെ മഹാനി മേഖലയിലും വൻ പ്രകൃതിവാതകശേഖരം കണ്ടെത്തിയിരുന്നു.