വാഹനാപകടത്തില്‍ പരുക്ക്; ദുബായില്‍ ഇന്ത്യക്കാരിക്ക് ഒരു കോടിയിലേറെ നഷ്ടപരിഹാരം

വാഹനാപകടത്തില്‍ പരുക്കേറ്റ ഇന്ത്യക്കാരിക്ക് ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ദുബായ് കോടതി.  തമിഴ്നാട് സ്വദേശിനി സിന്ധു ധനരാജിനാണ് (29) കോടതി നഷ്ടപരിഹാരം വിധിച്ചത്. 

2017 ജൂണ്‍ നാലിന് ദുബായ് എമിറേറ്റ്സ് റോഡിലാണ് വാഹനാപകടം ഉണ്ടായത്. സിന്ധുവും മറ്റ് മൂന്ന് പേരും സഞ്ചരിച്ച വാഹനം മറ്റ് വാഹനങ്ങള്‍ തമ്മിലുണ്ടായ കൂട്ടിയിടിയില്‍ ഉള്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസം ആശുപത്രിയിലും മൂന്ന് മാസം വീട്ടിലും യുവതിക്ക് കഴിയേണ്ടി വന്നു. ഐ ടി മേഖലയില്‍ ഉദ്യോഗസ്ഥയായിരുന്ന സിന്ധുവിന്റെ ജോലിയും ഇതോടെ നഷ്ടപ്പെട്ടു. 

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കോടതി കണ്ടെത്തി. ഇയാള്‍ ചെറിയ പിഴയടച്ച് കുറ്റവിമുക്തനായി. ഇതേത്തുടര്‍ന്ന് സിന്ധു അഭിഭാഷകന്‍ മുഖേന നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. ലഭിച്ച തുക തുടര്‍ചികിത്സക്കായി ഉപയോഗിക്കാനാണ് സിന്ധുവിന്റെ തീരുമാനം. ഭര്‍ത്താവ് ധനരാജും ദുബായിലാണ് ജോലി ചെയ്യുന്നത്. 10 മാസം പ്രായമുള്ള കുട്ടിയുണ്ട് ഇവര്‍ക്ക്.