കശ്മീർ വിഷയം ചർച്ച ചെയ്യാൻ സൗദിയുടെ നേതൃത്വത്തിൽ യോഗം

കശ്മീർ വിഷയം ചർച്ച ചെയ്യാൻ സൌദി അറേബ്യയുടെ നേതൃത്വത്തിൽ ഇസ്ളാമിക രാഷ്ട്രങ്ങളുടെ സംഘടനയായ, ഓർഗനൈസേഷൻ ഓഫ് ഇസ്ളാമിക് കോഓപ്പറേഷൻ പ്രത്യേക സമ്മേളനം ചേർന്നേക്കും. പാക്കിസ്ഥാൻറെ സമ്മർദത്തെ തുടർന്നാണ് വിദേശകാര്യമന്ത്രിമാരുടെ പ്രത്യേക യോഗം ചേരാനൊരുങ്ങുന്നത്. മുൻപും കശ്മീർ വിഷയത്തിൽ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കി ഒ.ഐ.സി പ്രമേയം പാസാക്കിയിട്ടുണ്ട്.

ഇസ്ളാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലുണ്ടായ ഭിന്നത മുതലെടുത്താണ് പാക്കിസ്ഥാൻ, കശ്മീർ വിഷയം ഒഐസിയിൽ ഉന്നയിക്കാനൊരുങ്ങുന്നത്. സൌദിയെ മറികടന്നു മലേഷ്യ കഴിഞ്ഞയാഴ്ച ഇസ്ളാമിക രാജ്യങ്ങളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. തുർക്കി, ഇറാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ ആ യോഗത്തിൽ പങ്കെടുത്തു. പങ്കെടുക്കുമെന്നു ആദ്യം അറിയിച്ച പാക്കിസ്ഥാൻ സൌദി സമ്മർദ്ധത്തെതുടർന്നു നിലപാട് മാറ്റി. തുടർന്നു സൌദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൌദ് പാക്കിസ്ഥാനിലെത്തി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാക് പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരമാണ്  കശ്മീർ വിഷയത്തിൽ ഒഐസി പ്രത്യേക യോഗം ചേരാൻ തീരുമാനിച്ചതെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കശ്മീര്‍ വിഷയത്തില്‍ ചേരുന്ന യോഗത്തില്‍ പൗരത്വ നിയമഭേദഗതിക്ക് ശേഷമുള്ള ഇന്ത്യയിലെ സാഹചര്യവും ചർച്ചാവിഷയമാക്കിയേക്കും.യോഗം ചേരുന്നതിനെക്കുറിച്ച് ഒഐസി ഔദ്യോഗ്ക സ്ഥിരീകരണം അറിയിച്ചിട്ടില്ല. അതേസമയം, യുഎഇ, സൌദി തുടങ്ങിയ ഒഐസി അംഗരാജ്യങ്ങൾ ഇന്ത്യയുമായി മികച്ച ബന്ധം തുടരുന്ന സാഹചര്യത്തിൽ കരുതലോടെയായിരിക്കും നടപടികളെന്നാണ് വിലയിരുത്തുന്നത്.