ക്രിസ്മസ് ആഘോഷിച്ച് പ്രവാസിമലയാളികൾ; ശ്രുശ്രൂഷകളിൽ പങ്കെടുത്ത് ആയിരങ്ങൾ

നാട്ടിലെ ഓർമകളുമായി ഗൾഫ് നാടുകളിൽ ക്രിസ്മസ് ആഘോഷിച്ച് പ്രവാസിമലയാളികൾ. വിവിധ ദേവാലയങ്ങളിൽ നടന്ന തിരുപ്പിറവി ശുശ്രൂഷകളിൽ ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. 

ജീവിതത്തിരക്കിനിടയിലും വിശുദ്ധിയുടെ നോമ്പുദിനങ്ങൾ പിന്നിട്ട് പ്രവാസികളായ വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. ഇന്നലെ വൈകുന്നേരം മുതൽ വിവിധ ദേവാലയങ്ങളിൽ നടന്ന പ്രാർഥനാ ശുശ്രൂഷകളിൽ പ്രവാസിമലയാളികൾ സജീവസാന്നിധ്യമായി. അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽ ബിഷപ് പോൽ ഹിൻഡർ തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു. മലയാളമടക്കം പതിമൂന്നു ഭാഷകളിലാണ് തിരുപ്പിറവി കുർബാന ഒരുക്കിയത്.അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക്  മലങ്കര ഓർത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് നേതൃത്വം നൽകി.

റുവൈസ് സെൻറ് ജോൺസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്, ദുബായ് സെൻറ് മേരീസ്, ഷാർജ സെൻറ് മൈക്കിൾസ്, കുവൈത്ത് അബ്ബാസിയ സെൻ‌‌റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ‌ഇടവക, ഒമാൻ സലാല സെൻറ് ഫ്രാൻസിസ് സേവ്യർ, മസ്ക്കറ്റ് സെൻറ് പോൾസ് ആൻഡ് ആൻഡ് പീറ്റർ തുടങ്ങിയ ദേവാലയങ്ങളിലെ ശുശ്രൂഷകളിൽ പ്രവാസിമലയാളികൾ പങ്കെടുത്തു. അതേസമയം, വൈഎംസിഎ അടക്കം വിവിധ സംഘടനകൾ ക്രിസ്മസ് പരിപാടികൾ ഒരുക്കി. ഔദ്യോഗിക അവധിയല്ലെങ്കിലും പല ഓഫീസുകളിലും  അവധി നൽകിയിട്ടുണ്ട്. അതേസമയം, പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള ക്രിസ്മസ് ആഘോഷം വാരാന്ത്യത്തിലായിരിക്കും.