സൗദിയിൽ 18 വയസു പൂർത്തിയാകുന്നതിനു മുൻപുള്ള വിവാഹം നിരോധിച്ചു

സൗദിയിൽ പതിനെട്ടു വയസു പൂർത്തിയാകുന്നതിനു മുൻപുള്ള വിവാഹം നിയമം മൂലം നിരോധിച്ചു. വിവാഹത്തിനുള്ള കുറഞ്ഞ പ്രായം പതിനെട്ടായിരിക്കുമെന്നു നീതി മന്ത്രാലയം ഉത്തരവിലൂടെ വ്യക്തമാക്കി.

പതിനെട്ടുവയസിൽ താഴെയുള്ളവരുടെ വിവാഹം സൌദിയിൽ പതിവല്ലെങ്കിലും നിയമം മൂലം നിരോധിക്കുന്നതായാണ് നീതി മന്ത്രാലയം അറിയിക്കുന്നത്. പ്രായപൂർത്തിയാകുന്നതിന് മുമ്പുള്ള വിവാഹം നിരോധിച്ച് നീതി മന്ത്രാലയവും സുപ്രീം ജുഡീഷ്യൽ കൗൺസിൽ ചെയർമാൻ ഷെയ്ഖ് ഡോ.വാലീദ് അൽ സമാനിയും രാജ്യത്തെ കോടതികൾക്ക് സർക്കുലർ അയച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിയമം ഒരുപോലെ ബാധകമായിരിക്കും. പ്രായപൂർത്തിയായെന്ന് കോടതി ഉറപ്പുവരുത്തിയ രേഖയുടെ അടിസ്ഥാനത്തിൽ മാത്രമേ വിവാഹം നടത്താൻ പാടുള്ളൂ എന്നും സർക്കുലർ വ്യക്തമാക്കുന്നു. സൗദി ശിശു സംരക്ഷണ നിയമത്തിലെ പതിനാറാം അനുഛേദനത്തിലെ മൂന്നാം ഖണ്ഡികയിൽ പതിനെട്ടു വയസിൽ താളെയുള്ളവരുടെ വിവാഹത്തെക്കുറിച്ചു വ്യക്തമാക്കുന്ന ഭാഗം അടിസ്ഥാനമാക്കിയാണ് പുതിയ ഉത്തരവ്. നിയമലംഘനത്തിന് കടുത്ത ശിക്ഷയും നിഷ്കർഷിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽ  കോടതി അനുമതിയോടെയാണ് വിവാഹങ്ങൾ സാധുവായി പ്രഖ്യാപിക്കുന്നത്. അതിനാൽ, കോടതിയിൽ അപേക്ഷ നൽകുമ്പോൾ പ്രായപൂർത്തി പരിശോധിക്കണമെന്നും മന്ത്രാലയം കർശനമായി നിർദേശിക്കുന്നു.