അബുദാബിയിലെ ആദ്യ സിഎസ്ഐ ദേവാലയം: ശിലാസ്ഥാപന കർമം നടന്നു

സി.എസ്.ഐ സഭയുടെ അബുദാബിയിലെ ആദ്യ ദേവാലയത്തിൻറെ ശിലാസ്ഥാപന കർമം നിർവഹിച്ചു. അബുമുറൈഖയിൽ ബാപ്സ് ക്ഷേത്രത്തിനു സമീപമാണ് ദേവാലയം നിർമിക്കുന്നത്. സഹിഷ്ണുതാ വർഷാചരണത്തിൻറെ ഭാഗമായി അബുദാബി സർക്കാർ അനുവദിച്ച സ്ഥലത്താണ് നിർമാണം. 

സഹിഷ്ണുതാവർഷത്തിൽ യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാനെ സാക്ഷി നിർത്തി സി.എസ്.ഐ ദേവാലയത്തിൻറെ ശില ആശീർവാദകർമം നിർവഹിച്ചു. അബുദാബി സർക്കാർ അനുവദിച്ച നാലേ ദശാംശം മൂന്നേ ഏഴ് ഏക്കർ ഭൂമിയിൽ ബാപ്സ് ഹിന്ദു ക്ഷേത്രത്തിനു സമീപമാണ് ദേവാലയം ഉയരുന്നത്. തൊണ്ണൂറു ലക്ഷം ദിർഹം ചെലവിൽ പന്ത്രണ്ടായിരം ചതുരശ്ര അടിയാണ് വിസ്തൃതി. എഴുന്നൂറ്റിഅൻപതുപേർക്കു പ്രാർഥനാ സൌകര്യമുണ്ടാകും. അബുദാബിയിൽ നടന്ന ചടങ്ങിൽ സിഎസ്ഐ സഭാ മോഡറേറ്ററും മധ്യകേരള മഹാഇടവക ബിഷപ്പുമായ റവറൻറ് തോമസ്.കെ.ഉമ്മൻ ശില ആശീർവദിച്ചു.

ഇതരമതവിഭാഗങ്ങളെ ആദരവോടെയും ബഹുമാനത്തോടെയും സമീപിക്കുകയെന്നതു യുഎഇയുടെ സഹിഷ്ണുതാ നയമാണെന്നു സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പറഞ്ഞു. പ്രവാസിവ്യവസായി എം.എ.യൂസഫലി, ഇടവക വികാരി ഫാ.സോജി വർഗീസ് തുടങ്ങിയവർക്കൊപ്പം ആയിരക്കണക്കിനു വിശ്വാസികളും കർമങ്ങളുടെ ഭാഗമായി.