പിറന്നാൾ നിറവിൽ യുഎഇ; ആഘോഷം

നാൽപ്പത്തിയെട്ടാമത് ദേശീയദിനാഘോഷ നിറവിൽ യുഎഇ. മലയാളികളടക്കമുള്ള പ്രവാസികൾ ആവേശത്തോടെയാണ് യുഎഇയുടെ ദേശീയദിനാഘോഷത്തിൻറെ ഭാഗമാകുന്നത്. ഏഴു എമിറേറ്റുകൾ ഒരുമിച്ചു ചേർന്നു ഐക്യ അറബ് എമിറേറ്റ്സ് സ്ഥാപിച്ച ദിവസമാണ് ദേശീയദിനമായി ആചരിക്കുന്നത്. 

ലക്ഷക്കണക്കിനു മലയാളികളടക്കമുള്ള പ്രവാസികൾക്കു മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കിയ രണ്ടാം വീടായ യുഎഇ ദേശീയദിനാഘോഷ നിറവിൽ. ചതുർവർണപതാകയുടെ ചുവട്ടിൽ സഹിഷ്ണുതയുടെ മാതൃകയായി ഐക്യ അറബ് എമിറേറ്റ്സ് ദേശീയ ദിനം ആഘോഷിക്കുകയാണ്. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേക ആഘോഷപരിപാടികളോടെയാണ് ദേശീയദിനം ആഘോഷിക്കുന്നത്. യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ദേശീയദിനാംശംസ നേർന്നു. ഭാവിയിലേക്കുള്ള പാത വിദ്യാഭ്യാസത്തിലൂടെയാണെന്നും അതിനാണ് മുന്തിയ പരിഗണന നൽകുന്നതെന്നും ഷെയ്ഖ് ഖലീഫ പ്രസ്താവനയിൽ പറഞ്ഞു.

ഐക്യത്തിൻറെ കരുത്തിൽ, അസാധ്യമെന്നത് യുഎഇ ഇല്ലാതാക്കിയതായി വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെന്ന ദീര്‍ഘദര്‍ശിയായ ഭരണാധികാരിയുടെ നേതൃത്വത്തില്‍ 1971 ഡിസംബര്‍ രണ്ടിനാണ് അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ എന്നീ ആറ് എമിറേറ്റുകള്‍ ഒന്നു ചേര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന ഒറ്റ രാഷ്ട്രമായത്. മൂന്നു മാസങ്ങള്‍ക്കപ്പുറം റാസല്‍ ഖൈമയും പുതിയ രാഷ്ട്രത്തിന്‍റെ ഭാഗമായി. ഈ ഐക്യപ്പെടലിൻറെ ഓർമയ്ക്കായാണ് യുഎഇദേശീയദിനം ആഘോഷിക്കുന്നത്.