ലക്ഷങ്ങൾ തട്ടി അജ്മാനിലെ 'സുകുമാരകുറുപ്പ്' മുങ്ങി; തട്ടിപ്പിനിരയായി ഇന്ത്യൻ കമ്പനികളും

വാഹനാപകടത്തിൽ താൻ മരിച്ചെന്നു ലോകത്തെ തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുത്ത് അജ്മാനിൽ വൻ ബിസിനസ് നടത്തുകയും ഇന്ത്യൻ കമ്പനികളെയടക്കം വഞ്ചിക്കുകയും ചെയ്ത് കോടീശ്വരനായിരിക്കുന്നത് പാക്കിസ്ഥാൻ സ്വദേശി ചൗധരി  ഹയ്യാബ് ആരിഫ് കംബോഹ്. കേരളത്തിൽ സുകുമാരക്കുറുപ്പ് നടത്തിയ തട്ടിപ്പിന് സമാനമാണ് അജ്മാനിലെ ഈ സകുമാരകുറുപ്പിന്റെ കഥയും

2017 ജൂലൈ 19ന് ബഹ്റൈനിൽ നിന്ന് മടങ്ങുമ്പോൾ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചുവെന്നായിരുന്നു ഇയാളും ബന്ധുക്കളും ചേർന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ 20കാരനായ സഹോദരൻ മിയാൻ സർയാബ് അന്ന് സമൂഹ മാധ്യമത്തിൽ മൂക്കിൽ പഞ്ഞിവച്ച ഹയ്യാബിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് മരണ വിവരം ആളുകളെ അറിയിച്ചത്. പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ മുത്തഹിദ ഖൗമി മൂവ്‌മെൻ്റിന്റെ പ്രവർത്തകനായിരുന്നതിനാൽ ഹയ്യാബിന്റെ മരണത്തിൽ നേതാക്കള്‍ പാർട്ടി ചാനലിലും സമൂഹ മാധ്യമങ്ങളിലൂടെയും അനുശോചിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ മികച്ച പ്രവർത്തകനെ നഷ്ടപ്പെട്ടു എന്നായിരുന്നു അനുശോചന സന്ദേശത്തിൽ പറഞ്ഞത്. എന്നാൽ, മരണത്തെ തുടർന്ന് ലഭിച്ച ഇൻഷുറൻസ് തുക ഉപയോഗിച്ച് ഇയാൾ അജ്മാൻ ഫ്രി സോണിൽ കമ്പനി ആരംഭിക്കുകയായിരുന്നു.

ഈ സംഭവത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ഹയ്യാബിന്റെ ബിസിനസ് തട്ടിപ്പിനിരയായ ഒട്ടേറെ ബിസിനസുകാർ രംഗത്ത് വന്നതോടെയാണ് സുകുമാരക്കുറുപ്പ് രീതിയിലുള്ള തട്ടിപ്പ് പുറത്താകുന്നത്. മരിച്ചു എന്ന് വ്യാജ വാർത്ത പരത്തിയതിന് 14 മാസങ്ങൾക്ക് ശേഷമായിരുന്നു ഇയാൾ കമ്പനി ആരംഭിച്ചത്. ഇന്ത്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലേതടക്കം ഒട്ടേറെ രാജ്യാന്തര കമ്പനികൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ഹയ്യാബ് അജ്മാന്‍ ഫ്രീ സോണില്‍ ആരംഭിച്ച എച്ച് ആൻഡ് എം ഇസഡ് ഗ്ലോബല്‍ വേള്‍ഡ് വൈഡ് എന്ന കമ്പനിക്ക് കോടികളുടെ പഴം, പച്ചക്കറി, ധാന്യങ്ങൾ, ഇതര ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങിയവ നല്‍കിയതിന്റെ പണം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഇവർ പരാതിപ്പെടുന്നു. 

മുംബൈ സ്വദേശി റൂപാ രെൻ എന്ന പഴം–പച്ചക്കറി ബിസിനസുകാരൻ തനിക്ക് കിട്ടാനുള്ള ഒന്നര ലക്ഷത്തോളം ദിർഹമിന് അജ്മാനിൽ ദിവസങ്ങളോളം കാത്തിരുന്നെങ്കിലും ഹയ്യാബ് മുങ്ങിയതോടെ താൻ കബളിക്കപ്പെട്ടതായി മനസിലായി. മറ്റു പല പേരുകളിലും ഇയാൾക്ക് അജ്മാനിൽ കമ്പനികളുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ ബെന്‍മൂൺ ഫാർമ റിസേർച് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഈ മാസം അഞ്ചിന്  24 ടൺ വരുന്ന ജീരകമാണ് ഹയ്യാബിന്റെ കമ്പനിയിലേയ്ക്ക് കയറ്റിയയച്ചത്. ഈ വകയിൽ തനിക്ക് ലക്ഷങ്ങൾ നഷ്ടമായതായി ഉടമ തരുൺ കപൂർ പരാതിപ്പെട്ടു. ഉത്തർപ്രദേശിലെ മറ്റൊരു കമ്പനി ലക്ഷങ്ങളുടെ നാടൻ തേൻ കയറ്റിയയച്ച വകയിൽ തങ്ങൾക്കും വൻ തുക ലഭിക്കാനുള്ളതായി പരാതിപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ പണം നൽകും എന്ന് പറഞ്ഞാണ് ഇയാൾ ഇന്ത്യൻ കമ്പനികളെ വലയിൽ വീഴ്ത്തിയത്. ഹയ്യാബിന്റെ തട്ടിപ്പിനെതിരെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

അജ്മാൻ ഫ്രി സോൺ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതായും എന്നാൽ തട്ടിപ്പുകാരെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചാൽ വഞ്ചിതരാകാതിരിക്കാൻ മറ്റു ബിസിനസുകാർക്ക് മുന്നറിയിപ്പ് നൽകാറുണ്ടെന്നും  ആക്ടിങ് ഡയറക്ടർ ജനറൽ ഫാത്തിമ സാലെം പറഞ്ഞു.