യുഎസ് പ്രതിരോധ സെക്രട്ടറി റിയാദിൽ; സൽമാൻ രാജാവുമായി കൂടിക്കാഴ്ച

സൗദിയിലേക്കു അമേരിക്ക കൂടുതൽ സൈന്യത്തെ അയച്ചതിനു പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറി മാർക്.ടി.എസ്‌പർ റിയാദിലെത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവുമായി എസ്പർ കൂടിക്കാഴ്ച നടത്തി. അമേരിക്കൻ സൈനിക ട്രൂപ്പുകളെ പ്രതിരോധ സെക്രട്ടറി സന്ദർശിച്ചു. 

യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ പ്രത്യേക നിർദേശപ്രകാരമാണ് പ്രതിരോധ സെക്രട്ടറി മാർക്.ടി.എസ്‌പർ റിയാദിലെത്തിയത്. ഇറാൻറെ ആപത്കരമായ പ്രവർത്തനങ്ങളെ തടയുന്നതിനും മേഖലയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനും ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നു സൌദി ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം എസ്പർ പറഞ്ഞു.

യുഎസ് സേനയുടെ സൌദിയിലെ വിന്യാസവും മുന്നൊരുക്കങ്ങളും ചർച്ച ചെയ്തതായും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. സൗദി ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ നായിഫ്, പ്രതിരോധസഹ മന്ത്രി ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യമന്ത്രി ഇബ്റാഹീം അൽ അസഫ് എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. ഉഭയകക്ഷി ബന്ധം, നയതന്ത്ര സഹകരണം,  മേഖലയിലെ സാഹചര്യങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തതായി സൌദി വാർത്താ ഏജൻസി വ്യക്തമാക്കി. അഫ്ഗാൻ സന്ദർശനത്തിനു പിന്നാലെയായിരുന്നു എസ്പർ റിയാദിലെത്തിയത്.