റിങ്കുവിനെ ജോലിക്ക് ദുബായിലേക്ക് ക്ഷണിച്ച് പ്രവാസി; കടല്‍ കടന്നും കനിവ്

സ്വപ്നങ്ങളെല്ലാം വീണുടഞ്ഞ് പോയി എന്ന് ഇപ്പോഴും സങ്കടപ്പെടുകയാണ് റിങ്കു. മകനെ പരസ്യമായി ഒരു സ്ത്രീ മർദിക്കുന്നത് കണ്ട് ഹൃദയരോഗി കൂടിയായ അമ്മയും നോവുകയാണ്. എന്നാൽ അപ്പോഴും റിങ്കുവിനൊപ്പം നിൽക്കുകയാണ് കുറച്ച് മലയാളികൾ. ഇപ്പോഴിതാ ദുബായിൽ നിന്നും മികച്ച ഒരു തൊഴിൽ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രവാസി മലയാളി. 

ദുബായിലെ അമേരിക്കൻ കമ്പനിയിൽ ഉദ്യോഗസ്ഥനായ കോഴിക്കോട് പന്തീരീങ്കാവ്  സ്വദേശി ബൈജു ചാലിലാണ് റിങ്കുവിന് തൊഴിൽ വീസയും 35,000 രൂപ പ്രതിമാസ ശമ്പളവും താമസവും ഭക്ഷണവും മറ്റും വാഗ്ദാനം ചെയ്യുന്നത്. നേരത്തെ മനോരമ ന്യൂസ്.ഡോട് കോം ഫെയ്സ് ബുക്ക് പേജിൽ പങ്കുവച്ച റിങ്കുവിന് നാട്ടിൽ ജോലി വാഗ്ദാനം ചെയ്ത വാർത്തയുടെ താഴെയും ബൈജു തന്റെ കമ്പനിയിലേയ്ക്കുള്ള ക്ഷണം കമന്റു ചെയ്തിരുന്നു.

മാവേലിക്കരയ്ക്കു സമീപം തഴക്കര പഞ്ചായത്ത് അറുനൂറ്റിമംഗലം കുമ്പംപുഴ വീട്ടിൽ റോസമ്മയുടെ ഏക മകനായ റിങ്കു സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസമാണ് കൊച്ചി സർവകലാശാല വനിതാ ഹോസ്റ്റലിൽ താൽക്കാലിക മേട്രനായ കൊയിലാണ്ടി കാവിൽദേശം സ്വദേശി ആര്യ എന്ന യുവതി റിങ്കുവിനെ അകാരണമായി കരണത്തടിച്ചത്.  കാർ പാർക്കിങ് ഏരിയയിൽ യുവതി വച്ച സ്കൂട്ടർ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം നീക്കിവച്ചതിൽ അരിശംപൂണ്ട ആര്യ ആളുകൾ നോക്കിനിൽക്കെ റിങ്കുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു.  

എന്നാൽ ഇൗ യുവാവ് തിരിച്ചടിക്കുകയോ മറ്റോ ചെയ്തില്ല. ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിച്ചിരിക്കെ ഉണ്ടായ ഇൗ ദുരനുഭവം മനസിനെ തളർത്തിയെങ്കിലും പതിവുപോലെ നന്മ വറ്റാത്ത മനസിനുടമകളായ കേരളീയർ ഒന്നടങ്കം എൻജിനീയറിങ് വിദ്യാർഥി കൂടിയായ ഇൗ യുവാവിന് പിന്തുണയുമായി എത്തി. അതിന്റെ അലയൊലികൾ  പ്രവാസ ലോകത്തും ചലനം സൃഷ്ടിച്ചു. 

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജോൺസൺ ടെക്നിക്കൽ സർവീസ്(ജെടിഎസ്) എന്ന എൻജിനീയറിങ് സ്ഥാപനത്തിന്റെ ടെക്നിക്കൽ വിഭാഗത്തിന്റെ മാനേജിങ് പാർട്ണർ കൂടിയായ ബൈജുവാണ് ഇതേ കമ്പനിയിൽ മികച്ച ജോലി വാഗ്ദാനം ചെയ്യുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ എൽഇഡി ഇൻസ്റ്റലേഷൻ ഉൾപ്പെടെ നിർവഹിച്ച കമ്പനിയാണിത്. നിലവിൽ ദുബായിയുടെ മറ്റൊരു ആകർഷണമാകാൻ പോകുന്ന മ്യൂസിയം ഒാഫ് ഫ്യൂചർ ഒട്ടേറെ വൻ പദ്ധതികൾക്ക് പിന്നിൽ കമ്പനി പ്രവർത്തിക്കുന്നു. ഒരു എൻജിനീയറിങ് വിദ്യാർഥി കൂടിയായതിനാലാണ് റിങ്കുവിനെ ക്ഷണിക്കുന്നതെന്നും താൽപര്യമുണ്ടെങ്കിൽ  തന്നെ ബന്ധപ്പെടാമെന്നും ബൈജു മനോരമയോട് പറഞ്ഞു. ബന്ധപ്പെടേണ്ട നമ്പർ: +971 50 215 2076.