പെൺവാണിഭത്തിന് പ്രായപൂർത്തിയാകാത്ത കുട്ടികളും; ചതിയിൽ രക്ഷകരായി ദുബായ് പൊലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് പെൺവാണിഭത്തിന് ഉപയോഗിച്ച സംഭവത്തിൽ ബംഗ്ലദേശ് സംഘത്തിന് ശിക്ഷ. ദുബായ് പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. 20നും 39നും ഇടയിൽ പ്രായമുള്ള അഞ്ച് ബംഗ്ലദേശ് സ്വദേശികളാണ് പ്രതികൾ. 

കൗമാരക്കാരായ പെണ്‍കുട്ടികൾ നിശാക്ലബ്ബിൽ ഡാൻസർമാരായി പ്രവർത്തിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഈ വർഷം മാർച്ചിലാണ് ദുബായ് പൊലീസ് റെയ്ഡ് നടത്തിയത്. തുടർന്ന് നാല് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിശാക്ലബ്ബിൽ കണ്ടെത്തി. ക്ലബ്ബിന്റെ ഉടമസ്ഥനാണ് ആദ്യപ്രതി. പെൺകുട്ടികളുടെ പാസ്പോർട്ടിൽ വയസ്സ് തിരുത്തിയാണ് ദുബായിലെത്തിച്ചത്. 

ഡാൻസർ ആയി ജോലി ചെയ്യാനാണ് ദുബായിലേക്ക് വന്നതെന്ന് പതിനേഴുകാരി മൊഴി നൽകിയതായി പൊലീസ് പറയുന്നു. 10 പേരുള്ള നാട്ടിലെ കുടുംബത്തെ സഹായിക്കാനാണ് താൻ ഈ ജോലിക്ക് വന്നത്. കേസിലെ മുഖ്യപ്രതിയായ വ്യക്തിയാണ് പാസ്പോർട്ട് സംഘടിപ്പിച്ചതും ദുബായിലേക്ക് പോകാൻ ആവശ്യമായ പണം നൽകിയതും. ഇവിടെ എത്തിയ ശേഷം മറ്റു പെൺകുട്ടികൾക്കൊപ്പം ഒരു വീട്ടിലേക്ക് മാറ്റിയെന്നും പെൺകുട്ടി മൊഴി നൽകി.