പട്ടാളയൂണിഫോം നല്‍കി യുദ്ധത്തിനയച്ചു; റഷ്യയിലേക്ക് മനുഷ്യക്കടത്ത്; വന്‍ റാക്കറ്റ്

റഷ്യന്‍ മനുഷ്യക്കടത്തിനു പിന്നില്‍ വന്‍ റാക്കറ്റെന്ന് വെളിപ്പെടുത്തി സിബിഐ എഫ്  ഐ ആര്‍. ഏജന്റുമാര്‍ കബളിപ്പിച്ച് റഷ്യയിലെത്തിച്ച ഇന്ത്യക്കാരെ റഷ്യന്‍ സേന പട്ടാള യൂണിഫോം നല്കി യുക്രെയ്ന്‍ യുദ്ധഭൂമിയിലേയ്്ക്ക് അയച്ചെന്നും സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട്. 35 മലയാളികള്‍ ഉള്‍പ്പെടെ 140 പേര്‍ ഉള്‍പ്പെട്ടതായും  സിബിഐ കണ്ടെത്തി. 

യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളി യുവാക്കളുടെ വാക്കുകള്‍ പൂര്‍ണമായും ശരി വയ്ക്കുന്നതാണ് റഷ്യന്‍ മനുഷ്യക്കടത്ത്  അന്വേഷിക്കുന്ന സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്ത യുവാക്കളെ അവരുടെ താല്പര്യത്തിന് വിരുദ്ധമായി യുക്രെയ്ന്‍ യുദ്ധഭൂമിയില്‍ മുന്‍നിരയില്‍ വിന്യസിച്ചെന്നാണ് എഫ് ഐ ആര്‍. 20 ദിവസം മുതൽ 3 മാസം വരെയുള്ള സന്ദർശക വീസയിൽ സെക്യൂരിറ്റി ജോലി,  യൂണിവേഴ്സിറ്റികളില്‍ പഠനം തുടങ്ങിയ ഉറപ്പുകള്‍ നല്കിയാണ് ഇവരെ റഷ്യയിലെത്തിച്ചത്.  സ്വകാര്യ സര്‍വകലാശാലകളില്‍ ഫീസിളവില്‍ പ്രവേശനവും വാഗ്ദാനം ചെയ്തു.  ആധികാരികതയില്ലാത്ത സര്‍വകലാശാലകളിലായിരുന്നു പഠന വാഗ്ദാനം. പാസ്പോര്‍ട്ടും രേഖകളും പിടിച്ചെടുത്ത ഏജന്റുമാര്‍ വന്‍തുകയും തട്ടിയെടുത്തു. 

കേരളത്തിനു പുറമെ ഡല്‍ഹി, ഹരിയാന , തമിഴ്നാട് , പഞ്ചാബ് , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപിച്ചു കിടക്കുന്ന വന്‍ റാക്കറ്റാണ് പിന്നില്‍. 19 ഏജന്‍സികളും അറിയപ്പെടാത്ത പലരും മനുഷ്യക്കടത്തിന് നേതൃത്വം നല്കിയെന്നും 19 പ്രതികളെ തിരിച്ചറിഞ്ഞെന്നും എഫ് ഐ ആര്‍ വ്യക്തമാക്കുന്നു. ക്രിമിനല്‍ ഗൂഡോലോചന,  വഞ്ചന , മനുഷ്യക്കടത്ത് തുടങ്ങിയ  വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

സി ബി ഐ ഡൽഹി യൂണിറ്റിനാണ് അന്വേഷണ ചുമതല. 

given a military uniform and sent to war; Human Trafficking to Russia; Big racket