റുപേ കാർഡിന്‍റെ സേവനം വിപുലമാക്കും; ഇളവുകളും പ്രഖ്യാപിച്ചു

യുഎഇയിൽ റുപേ കാർഡിൻറെ സേവനം വിപുലമാക്കുന്നതായി നാഷണൽ പെയ്മെൻറ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഒന്നേമുക്കാൽ ലക്ഷത്തോളം കച്ചവടസ്ഥാപനങ്ങൾ റുപേ കാർഡ് ശംഖലയുടെ ഭാഗമാകുമെന്നു അധികൃതർ അറിയിച്ചു. അതേസമയം, ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞമാസത്തെ അബുദാബി സന്ദർശനത്തിനിടെയാണ് റുപേ കാർഡ് യുഎഇയിൽ അവതരിപ്പിച്ചത്. റുപേ കാർഡ്, യുപിഐ ശൃംഖലകൾ കൂടുതൽ വിപുലമാക്കി പ്രവാസി ഇന്ത്യക്കാരുടെ ധനകാര്യ ഇടപാടുകൾ സുരക്ഷിതവും ചെലവുകുറഞ്ഞതുമാക്കുമെന്ന് എൻപിസിഐ വ്യക്തമാക്കി. മറ്റു കാർഡുകളെയും ധനവിനിമയ സ്ഥാപനങ്ങളെയും അപേക്ഷിച്ചു കമ്മീഷൻ കുറവാണ്.

റുപേ കാർഡ് ഉപയോഗിക്കുന്ന പ്രവാസികൾക്ക് അടുത്തവർഷം മാർച്ച് 31 വരെ ആകർഷകമായ കാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. 4,000 രൂപ വരെ ഇടപാടു നടത്തുന്നവർക്കു 40% ഇളവുലഭിക്കും. എമിറേറ്റ്സ് എൻബിഡി, ഫസ്റ്റ് അബുദാബി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങളിൽ നിന്ന് റുപേ കാർഡ് ഉടൻ ലഭ്യമാക്കുമെന്നും എൻപിസിഐ സിഒഒ പ്രവീണ റായി, ചീഫ് ഡിജിറ്റൽ ഓഫിസർ ആരിഫ് ഖാൻ എന്നിവർ ദുബായിൽ പറഞ്ഞു.