രാജ്യാന്തര സമുദ്രസുരക്ഷാ കൂട്ടായ്മയിൽ പങ്കാളിയായി സൗദി അറേബ്യയും യുഎഇയും

രാജ്യാന്തര സമുദ്രസുരക്ഷാ കൂട്ടായ്മയിൽ പങ്കാളിയായി സൗദി അറേബ്യയും യുഎഇയും. ഗൾഫ് മേഖലയിലെ നാവികസുരക്ഷ വർധിപ്പിക്കുന്നതിനാണ്, അമേരിക്ക നയിക്കുന്ന കൂട്ടായ്മയിൽ പങ്കാളിയായതെന്നു സൗദി പ്രതിരോധമന്ത്രാലയം അറിയിച്ചു. എണ്ണക്കപ്പലുകൾക്കു നേരേ ആക്രമണം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.

ലോകത്തിലെ ഏറ്റവും തന്ത്രപ്രധാന ജലപാതയായ ഹോര്‍മൂസ് കടലിടുക്കിൽ സൌദിയുടേയും യുഎഇയുടേയും എണ്ണ ടാങ്കറുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഗൾഫ് മേഖലയിലൂടെയുള്ള ചരക്കു നീക്കം അട്ടിമറിക്കാൻ ഇറാൻ നേരിട്ടോ അല്ലാതെയോ ശ്രമിക്കുമെന്ന അമേരിക്കയുടെ മുന്നറിയിപ്പു നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളുടെ നീക്കം. അമേരിക്ക നയിക്കുന്ന രാജ്യാന്തര സമുദ്ര സുരക്ഷാ കൂട്ടായ്മയിൽ ഓസ്ട്രേലിയ ബഹ്റൈൻ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് മറ്റു അംഗങ്ങൾ. അംഗരാജ്യങ്ങളിലെ കപ്പലുകൾക്കും അകമ്പടിയായി സൈനികകപ്പലുകളും വിമാനങ്ങളും സുരക്ഷയൊരുക്കും. ഹോർമൂസ് കടലിടുക്കിലും ചെങ്കടലിലെ ബാബ് അൽ മന്ദബ്, ഏദൻ എന്നിവിടങ്ങളിലും നിരീക്ഷണവും പട്രോളിങും ശക്തമാക്കും. സമുദ്രസുരക്ഷാ കൂട്ടായ്മയിൽ അംഗമാകാനുള്ള സൌദിയുടെയും യുഎഇയുടേയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.