സൗദി രാജാവിന്റെ അതിഥിയായി ഹജിന് സാമ്രിയെത്തി, വയസ് 130

മക്ക. ജീവിതാഭിലാഷമായ ഹജ് കർമം നിർവഹിക്കാൻ രാജകീയ അവസരം ലഭിച്ച നിർവൃതിയിലാണ് ഇന്തോനേഷ്യയിൽ നിന്നുള്ള വന്ദ്യ വയോധികൻ ഓഹി ഐദ്രൂസ് സാമ്രി. ഒരു പക്ഷേ ഈ ഹജ് സീസണിലെ ഏറ്റവും പ്രായം കൂടിയ തീർഥാടകനായിരിക്കും ഇദ്ദേഹം.

130 വയസ്സാണ്. സാമ്രിയ്ക്കും ആറംഗ കുടുംബത്തിനുമാണ്   രാജ കാരുണ്യത്തിൽ ഹജിന് അവസരം ലഭിച്ചത്. ഹജിന് വരാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ച സമൂഹ മാധ്യമങ്ങളിൽ ഇദ്ദേഹം ഇട്ട വീഡിയോ വൈറൽ ആയതിന്റെ അടിസ്‌ഥാനത്തിൽ അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഓഹിയ്ക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചത്.  മുതിർന്ന സൗദി ഉദ്യോഗസ്ഥരിൽ നിന്നും ജിദ്ദ വിമാനത്താവള അധികൃതരിൽ നിന്നും ഊഷ്മളമായ സ്വീകരണമാണ് പ്രായം കൊണ്ട് മനസ് തളരാത്ത ഈ വയോധികന് ലഭിച്ചത്. 

ഹജിനും ഉംറയ്ക്കും അവസരം ലഭിക്കാത്തവർക്കായി രാജാവിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശ്വാസികൾ ഹജ്ജിനെത്തുന്നുണ്ട്. ജീവിത സായന്തനത്തിൽ അല്ലാഹുവിന്റെ വിളിയ്ക്ക് ഉത്തരം നൽകി പുണ്യഭൂമിൽ എത്താൻ അവസരം നൽകിയ സൗദി രാജാവിന് അദ്ദേഹം അഭിനന്ദനം അറിയിച്ചു. 

ഹജിന് പുറപ്പെടുന്നതിന് മുമ്പ് ഇന്തോനേഷ്യ വിമാനത്താവളത്തിൽ വച്ച്  സൗദി സ്ഥാനപതി ഇസ്സാം അൽ തഖ്‌ഫി  സാമ്രിയെയും കുടുംബത്തെയും കണ്ടിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ ഹജ് ഉംറ കാര്യ മേധാവി അബ്ദുൽ മജീദ് അഫ്‌ഗാനി, ജവാസാത്ത് തലവൻ കേണൽ സാലിം അൽ ഖഹ്താനി, പബ്ലിക് റിലേഷൻ മേധാവി തുർക്കി അൽ അദീബ് എന്നിവർ പൂക്കളും സമ്മാനങ്ങളും നൽകിയാണ് സാമ്രിയെ എതിരേറ്റത്.