യു.എ.ഇയിലുള്ള ഇന്ത്യൻ തടവുകാരെ കൈമാറ്റം ചെയ്യും; നടപടികൾ തുടങ്ങി

യു.എ.ഇയിലുള്ള ഇന്ത്യൻ തടവുകാരെ രാജ്യത്തെ ജയിലുകളിലേക്കു മാറ്റുന്ന കാര്യത്തിൽ നടപടികൾ വേഗത്തിലാക്കുന്നു. ന്ദ്രവിദേശകാര്യമന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥർ അടുത്തമാസം ആദ്യം യു.എ.ഇിലെത്തും. എഴുപതു തടവുകാരെ ഇന്ത്യൻ ജയിലുകളിലേക്കു മാറ്റാനാണ് നീക്കം.

യു.എ.ഇയിലെ വിവിധ ജയിലുകളിലായി ആയിരത്തിഒരുന്നൂറോളം ഇന്ത്യൻ തടവുകാരുള്ളതായാണ് കണക്ക്. 2011 ൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാർ പ്രകാരമാണ് ഇതിൽ 70 തടവുകാരെ ഇന്ത്യൻ ജയിലുകളിലേക്കു മാറ്റാനൊരുങ്ങുന്നത്. 2013 ൽ കരാർ നിലവിൽ വന്നെങ്കിലും ഒരു തടവുകാരനെപ്പോലും ഇതുവകരെ കൈമാറിയിട്ടില്ല. കൈമാറ്റം ചെയ്യപ്പെടുന്ന തടവുകാർ ശേഷിക്കുന്ന ശിക്ഷാകാലം ഇന്ത്യയിൽ അനുഭവിക്കണമെന്നാണ് ധാരണ. ഗുരുതരമല്ലാത്ത കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാർക്ക് മാത്രമേ ശിക്ഷാ കാലാവധി പൂർത്തിയാക്കാൻ അനുമതിയുള്ളൂ. 

യു.എ.ഇയിൽ നിന്ന് ഇന്ത്യൻ ജയിലുകളിലേക്ക് മാറാൻ സന്നദ്ധത അറിയിച്ചവരുടെ കാര്യത്തിൽ സർക്കാർ സജീവ നടപടി സ്വീകരിക്കുമെന്ന് ലോക്സഭയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരൻ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥർ യു.എ.ഇയിലെത്തുന്നത്. തടവുകാരെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സന്ദർശനത്തിനിടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.