അവസാനത്തെ അടിക്കുറിപ്പ് സത്യമായി; വേദനയായി ദുബായിൽ മരിച്ച മോഡല്‍; കണ്ണീര്‍

ബന്ധുക്കളെയും സുഹൃത്തുക്കളെയും വേദനയിലാഴ്ത്തി  ഇന്ത്യന്‍ മോഡലിന്റെ അവസാന ഇൻസ്റ്റ്ഗ്രാം പോസ്റ്റ്. 'വീട്ടിലേക്ക് മടങ്ങാൻ സമയമായി' എന്ന അടിക്കുറിപ്പോടെ റോഷ്നി ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ദുബായിലേക്ക് മടങ്ങുന്ന കാര്യമാകാം റോഷ്നി സൂചിപ്പിച്ചിരിക്കുക എന്ന് സുഹൃത്തുക്കൾ പറയുന്നു. 

ഒമാനിൽ പെരുന്നാൾ ആഘോഷിച്ച് ദുബായിലേക്ക് മടങ്ങുന്നതിനിടെ ബസ് അപകടത്തിലാണ് മോഡലായ റോഷ്നി മരിച്ചത്. പാം ജുമൈറയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു റോഷ്നി. 

ദുബായിലെ ജബൽ അലി ഹിന്ദു ശ്മശാനത്തിലാണ് റോഷ്നിയുടെ മൃതദേഹം സംസ്കരിച്ചത്. നാട്ടിൽ നിന്ന് പിതാവും സഹോദരനും എത്തി അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി. 

ഒമാന്‍ സര്‍ക്കാരിന്‍റെ യാത്രാബസ്, റാഷിദിയ മെട്രോസ്റ്റേഷന് സമീപം സൈന്‍ബോര്‍ഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ പോയി തിരിച്ചു വരുന്നവരാണ് അപകടത്തില്‍പെട്ടത്. 

അപകടത്തിൽ മരിച്ച 17 പേരിൽ 12 പേരും ഇന്ത്യക്കാരാണ്. ഇതിൽ 8 പേര്‍ മലയാളികളാണ്. തലശ്ശേരി സ്വദേശികളായ ഉമ്മര്‍ ചോനോക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍. തൃശ്ശൂര്‍ സ്വദേശികളായ അറക്കാവീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്‍, കിരണ്‍ ജോണി, വാസുദേവന്‍ കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍, രാജന്‍ പുതുയപുരയില്‍ ഗോപാലന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.