ഉമ്മയും ബാപ്പയും മരിച്ചു; സൗദിയിൽ ഒറ്റപ്പെട്ട് എട്ട് ഇന്ത്യൻ കുട്ടികൾ; ഒടുവിൽ

പതിനേഴ് വർഷമായി നാട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിൽപ്പെട്ട കുടുംബത്തെ സുരക്ഷിതമായി കാനഡയിലെത്തിച്ചു.  മാതാപിതാക്കൾ മരിച്ചതോടെ ഒറ്റപ്പെട്ട എട്ട് കുട്ടികള്‍ക്കാണ് കനേഡിയൻ പൗരത്വമുള്ള പിതൃസഹോദരി അഭയം നൽകിയത്. 

മുഹിയദ്ദീൻ അലി ബാഷ (19), ഹിദായത്ത്‌ അലി മാലിക്‌ (18), അഹ്‌മദ്‌ അലി (15), ഷഹനാസ്‌ ഫാത്തിമ (14), അബ്ദുല്ല അലി (9), ഖുൽസൂം ഫാത്തിമ (7), ഇബ്‌റാഹിം അലി (5) എന്നിവരാണ് ഒറ്റപ്പെട്ട് റിയാദിൽ കഴിഞ്ഞിരുന്നത്. ഇവരിൽ  മൂന്ന് പേർ പെൺകുട്ടികളാണ്. റിയാദിൽ ജനിച്ച ആറ് പേർക്ക് അക്ഷരാഭ്യാസം നേടാൻ പോലും കഴിഞ്ഞിട്ടില്ല. 

വർഷങ്ങളായി റിയാദിലെ ഷിഫയിൽ വർക്‌ഷോപ്‌ നടത്തുകയായിരുന്നു ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അലി. മൂത്ത രണ്ട് കുട്ടികൾക്ക് ഒന്നും രണ്ടും‌ വയസുള്ളപ്പോഴാണ്‌ കുടുംബത്തെ ഇങ്ങോട്ട്‌ കൊണ്ടുവരുന്നത്‌. രണ്ട്‌ പേരും റിയാദ്‌ ഇന്ത്യൻ സ്കൂളിൽ നാലാം ക്ലാസ്‌ വരെ പഠിച്ചു. പിന്നീട് പഠനം മുടങ്ങി. ദുരഭിമാനം മൂലം ദുരവസ്ഥ ആരോടും പങ്കുവെക്കാതിരിക്കുകയായിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തി. സാമ്പത്തിക ബാധ്യതകൾ കുടുംബത്തെ അലട്ടിയിരുന്നു. 

രോഗിയായി ആദ്യം കിടപ്പിലാകുന്നത്‌ മാതാവ്‌ ആയിഷ സിദ്ദീഖയാണ്‌. 2018 മാർച്ചിൽ‌ ഇവർ മരിച്ചു‌. ഭാര്യയുടെ മരണത്തോടെ കിടപ്പിലായ മുഹമ്മദ് അലി കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ 2019 മാർച്ചിലും മരണത്തിന്‌ കീഴടങ്ങി. പിതാവ്‌ കിടപ്പിലായതോടെ മൂത്ത രണ്ട്‌ ആൺകുട്ടികളാണ്‌ വർക് ഷോപ്പിൽ പോയിരുന്നത്‌. ഇതെടെയാണ് ഇവരുടെ ദുരിതം പുറംലോകം അറിയുന്നത്. ഹൈദരാബാദ് സ്വദേശികളായ അബ്ദുൽ ഖയ്യൂം, ഷാനവാസ്‌, അബ്ദുറഹ്മാൻ, സഫർ, മിസ്ബഹ്‌ എന്നിവർ കുട്ടികളെ സഹായിക്കാനും സംരക്ഷണം നൽകാനും മുന്നോട്ട്‌ വന്നു. പിതൃസഹോദരിയെ വിവരമറിയിച്ചു. 

കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായ ഹാജറ കനേഡിയൻ സർക്കാരിന് അപേക്ഷ നൽകി. സർക്കാർ അനുമതി ലഭിച്ചെങ്കിലും സൗദിയിൽ മതിയായ രേഖകളില്ലാതെ കഴിഞ്ഞ ഇവരെ കാനഡയിലെത്തിക്കാൻ പ്രതിസന്ധികൾ. എല്ലാവർക്കും പാസ്പോർട്ടുണ്ടായിരുന്നു, പക്ഷെ ചെറിയ രണ്ട് കുട്ടികൾക്ക് താമസരേഖ (ഇഖാമ) എടുത്തിട്ടുണ്ടായിരുന്നില്ല.

സാമൂഹിക പ്രവർത്തകനായ ഷിഹാബ് കൊടുകാടിലിന്റെ ഇടപെടലോടെ നിയമക്കുരുക്കുകവ്‍ നീക്കി. അഭയാർഥികൾ എന്ന പരിഗണനയിൽപ്പെടുത്തി. പാസ്‌പോർട്ട്‌ അവധി തീർന്നത്‌ അടക്കമുള്ള നിയമക്കുരുക്കുകൾ മറികടക്കാൻ കാനഡ എംബസിയും സഹായിച്ചു.