ശരീരം തളർന്ന 14കാരി; മോഹം ജലകന്യകയാവണം; സഫലമാക്കി അബുദാബി പൊലീസ്

കേട്ട കഥകളിൽ നിന്നും അവളുടെ മനസിൽ അടിയുറച്ച ഒരു മോഹം. ഗുരുതര രോഗത്തിന്റെ പിടിയിലായപ്പോഴും ഇൗ മോഹം അവളിൽ അതുപോലെ തുടർന്നു. ജലകന്യകയാവണം. ഇൗ പതിനാലുകാരിയുടെ ആഗ്രഹം അറിഞ്ഞ അബുദാബി പൊലീസ് സഫലീകരിച്ചു. അൽഐനിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളിൽ തളർന്നുകിടക്കുന്ന ഹലീമ അൽ ബലൂഷിയുടെ സ്വപ്നമാണ് മേക്ക് എ വിഷ് ഫൗണ്ടേഷന്റെയും അൽഐൻ പ്രൊവിറ്റ മെഡിക്കൽ സെന്ററിന്റെയും സഹകരണത്തോടെയാണ് പൊലീസ് സഫലീകരിച്ചത്. 

വിവരമറിഞ്ഞ അബുദാബി പൊലീസ് ഹെലികോപ്റ്ററിൽ അൽഐനിലെ തവാം ആശുപത്രിയിൽനിന്ന് കുട്ടിയെ എടുത്ത് അബുദാബി സാദിയാതിലെ ഹയാത് പാർക്ക് ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ ഇറങ്ങിയ ഹലീമ തിരമാലകൾക്കൊപ്പം ജലകന്യകയായി മാറി. സംഭവത്തോടെ ഹലീമയ്ക്ക് പുതിയ ശക്തിയും പ്രതീക്ഷയും കൈവന്നതായും ഇത് ചികിത്സയ്ക്ക് പ്രയോജനം ചെയ്യുമെന്നും അബുദാബി ഏവിയേഷൻ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ഇബ്രാഹിം ഹസ്സൻ അൽ ബലൂഷി പറഞ്ഞു.