യുവതിയെയും മുൻ ഭർത്താവിനെയും കുറിച്ചുള്ള ആ വാർത്തകൾ തെറ്റ്

അജ്മാനിൽ നടന്നുവെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും വ്യാപകമായി പ്രചരിക്കുന്ന വാർത്തയിൽ വെളിപ്പെടുത്തലുമായി അജ്മാൻ പൊലീസ്. സ്വദേശിയായ വ്യക്തി നായ്ക്കളെ വിട്ട് മുൻഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് വ്യാപകമായി പ്രചരിച്ച വാർത്ത. എന്നാൽ, ഇത് വ്യാജമാണെന്നും തീർത്തും അടിസ്ഥാനരഹിതമാണെന്നും അജ്മാൻ പൊലീസ് അധികൃതർ അറിയിച്ചു. 

ഈ വ്യാജവാർത്ത പ്രചരിപ്പിച്ച വെബ്‍സൈറ്റ് തെറ്റായ കമ്പനികളെ കുറിച്ചും കുറ്റകരമായ വാർത്തകൾ നൽകിയും സൈറ്റിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ ശ്രമിക്കുകയാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. സ്റ്റോക് എക്ചേഞ്ചുകളെ കുറിച്ചും ഈ വെബ്സൈറ്റ് വാർത്തകൾ നൽകാറുണ്ട്.

ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ടിആർഎ)യുടെയും പൊലീസിന്റെയും സഹായത്തോടെ ഇത്തരം വ്യാജ വാർത്തകൾ നൽകുന്ന വൈബ് സൈറ്റുകളെ ബ്ലോക്ക് ചെയ്യുമെന്ന് അജ്മാൻ പൊലീസ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഓപ്പറേഷൻസ് കേണൽ അബ്ദുല്ല സയ്ഫ് അൽ മത്രോഷി പറഞ്ഞു. ആരെങ്കിലും തെറ്റായ വാർത്തകൾ നൽകുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ അവർക്കെതിരെ യുഎഇ സൈബർ നിയമം ചുമത്തി നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.