സൗദിയിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഓൺലൈനാകും; ചെയ്യേണ്ടത്

സൗദി അറേബ്യയിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ മാർച്ച് ഒന്നു മുതൽ ഓൺലൈൻ വഴിയാക്കുന്നു. പാസ്പോർട്ട് എടുക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെയുള്ള അപേക്ഷകൾ വെള്ളിയാഴ്ച മുതൽ ഓൺലൈൻ വഴിയാണ് സ്വീകരിക്കുകയെന്നു റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. 

വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലങ്ങളിൽ പാസ്‌പോർട്ട് സേവാകേന്ദ്രം തുടങ്ങുമെന്ന് വിദേശകാര്യമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇതിൻറെ ആദ്യഘട്ടമെന്ന നിലയിലാണ് സൌദിയിൽ ഓൺലൈൻ സംവിധാനം ഒരുക്കുന്നത്. ഇതോടെ നിലവിലുള്ള സംവിധാനം ഉപയോഗിച്ച് അപേക്ഷ നൽകുന്ന രീതി അവസാനിക്കും. സൗദിയിൽ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർ https://embassy.passportindia.gov.in/ എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്താൽ യൂസർ ഐഡിയും പാസ്്വേർഡും ലഭിക്കും. ഇതുപയോഗിച്ചു റജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. 

എമർജൻസി സർട്ടിഫിക്കേറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ്, പാസ്‌പോർട്ട് സറണ്ടർ, ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും ഓൺലൈനിൽ സൌകര്യമുണ്ട്. അതാത് സേവനങ്ങൾക്കുള്ള പ്രത്യേകം അപേക്ഷാ ഫോറങ്ങൾ ടൈപ്പ് ചെയ്ത് ഓൺലൈൻവഴി സമർപ്പിക്കാം. ഓൺലൈനിൽ പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്‍റെടുത്ത് ഫോട്ടോ പതിച്ച ശേഷം വിഎഫ്എസ് ഓഫിസർ മുൻപാകെ എത്തിയാണ് ബന്ധപ്പെട്ട കോളത്തിൽ ഒപ്പിടേണ്ടത്. പണമടയ്ക്കാനും ഫോട്ടോ എടുക്കാനുമുള്ള സംവിധാനം വൈകാതെ ലഭ്യമാക്കുന്നതോടെ സേവനം പൂർണമായും ഓൺലൈനാകുമെന്നും എംബസി വ്യക്തമാക്കി.