ദുബായിൽ മലയാളിയെ തേടി വീണ്ടും കോടികളുടെ ഭാഗ്യം; ടിക്കറ്റ് നാട്ടിൽ മറന്നു

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയർ നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് കോടികൾ സമ്മാനം. ഷാർജയിൽ താമസിക്കുന്ന മുഹമ്മദ് അസ്‌ലം അരയിലകത്തിനാണ് 7 കോടിയിലേറെ രൂപ സമ്മാനം ലഭിച്ചത്. എന്നാൽ ഭാഗ്യ ടിക്കറ്റ് നാട്ടിൽ മറന്നുവെച്ചാണ് ഇയാൾ തിരികെ യുഎഇയിലെത്തിയത്. 

ഷാർജ എമിറേറ്റ്സ് നാഷനൽ ഫാക്ടറി ഫോർ പ്ലാസ്റ്റിക് ഇൻ‍ഡസ്ട്രിയിൽ അക്കൗണ്ടന്റാണ് മുഹമ്മദ് അസ്‌ലം.  ഇൗ മാസം ആദ്യം ദുബായിലെ എെറിഷ് വില്ലേജിൽ നിന്നാണ് അസ്‌ലം ടിക്കറ്റെടുത്തത്. നാട്ടിൽ അവധിക്ക് പോയപ്പോൾ ടിക്കറ്റും ഒപ്പമെടുത്തിരുന്നു. മറന്നുവെച്ച ടിക്കറ്റ് എത്രയും വേഗം ദുബായിലെത്തിക്കാനുള്ള ശ്രമത്തിലാണ് അസ്‌ലം. 

സമ്മാനനേട്ടം വിശ്വസിക്കാനായിട്ടില്ലെന്ന് അസ്‌ലം പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രി നറുക്കെടുപ്പിൽ ജേതാവാകുന്ന 139–ാമത്തെ ഇന്ത്യക്കാരനാണ് മുഹമ്മദ് അസ് ലം. 

ഇതേ നറുക്കെടുപ്പിൽ മലയാളിയായ ജോൺ കുര്യൻ(56) ഒാ‍ഡി ആർ8 ആർഡബ്ല്യുഎസ് വി10 കൂപെ കാർ സ്വന്തമാക്കി. പുതുവത്സരത്തിൽ നാട്ടിലേയ്ക്ക് പോകുമ്പോഴായിരുന്നു ഇദ്ദേഹം ടിക്കറ്റെടുത്തത്. കൂടാതെ, കാസർകോട്  ബങ്കര മഞ്ചേരം സ്വദേശി അബ്ദുല്ല(55)യ്ക്ക് ബിഎംഡബ്ല്യു ആർ9 കാറും സമ്മാനം ലഭിച്ചു.