നവജാതശിശുവിനെ തറയിലടിച്ച് കൊന്നു; ഭര്‍ത്താവിനോടുള്ള പ്രതികാരമെന്ന് യുവതി: കാരണം

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിക്കെതിരായ കേസ് അബുദാബി കോടതിയിൽ. ഭർത്താവ് ഉപേക്ഷിച്ച് യുഎഇയിലെ ഒരു അറബ് കുടുംബത്തിൽ വീട്ടുജോലിക്കായി എത്തിയ എത്യോപ്യൻ യുവതിയാണ് ക്രൂരകൃത്യം നടത്തിയത്. വീട്ടിൽ ജോലിക്ക് നിയമിക്കുമ്പോൾ യുവതി ഗർഭിണിയാണെന്ന കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുവതി ജോലി ചെയ്യുന്ന വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഉടൻ തന്നെ ശുചിമുറിയിൽ വച്ച് കുഞ്ഞിന്റെ തല തറയിൽ അടിച്ചും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കുഞ്ഞിന്റെ മൃതദേഹം ഒരു തുണിയിൽ പൊതിഞ്ഞ് വീടിന് സമീപമുള്ള മാലിന്യക്കൂമ്പാരത്തിൽ നിക്ഷേപിച്ചു. ശുചീകരണ ജീവനക്കാർ ആണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. ഇവർ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.

പൊലീസിനോടും പ്രോസിക്യൂട്ടേഴ്സിനോടും യുവതി കുറ്റം സമ്മതിച്ചു. ഒറ്റയ്ക്ക് വളർത്താനുള്ള പേടിയും ബുദ്ധിമുട്ടും കൊണ്ടും ഭർത്താവിനോടുള്ള പ്രതികാരം ചെയ്യാനുമാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി പറ‍ഞ്ഞു. ആറുമാസം ഗർഭണിയായപ്പോൾ ഭർത്താവിനെ ഫോണിൽ വിളിക്കുകയും കാര്യങ്ങൾ പറയുകയും ചെയ്തിരുന്നു. തിരികെ വീട്ടിലേക്ക് വരണമെന്നും ഒറ്റയ്ക്ക് യുഎഇയിൽ കുഞ്ഞിനെ നോക്കാൻ സാധിക്കില്ലെന്നും ഭർത്താവിനോട് പറഞ്ഞു. എന്നാൽ, ഭർത്താവ് ഇതിന് തയാറായില്ലെന്നും ഗർഭത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് പറഞ്ഞതെന്നും യുവതി പറഞ്ഞു.

കുഞ്ഞ് അയാളുടേത് അല്ലെന്ന് ഭർത്താവ് പറഞ്ഞു. ഇക്കാര്യം തന്നെ വല്ലാത അലട്ടിയിരുന്നു. അന്നു തന്നെ ഗർഭസ്ഥ കുഞ്ഞിനെ ഇല്ലാതാക്കിയാലോ എന്നുവരെ ആലോചിച്ചുവെന്നും യുവതി പറഞ്ഞു. പുലർച്ചെ നാലുമണിയോടെയാണ് പ്രസവവേദന വന്നത്. തന്റെ മുറിയിൽ ഉണ്ടായിരുന്ന ശുചിമുറിയിൽ കയറി കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയപ്പോൾ തന്നെ അബോധാവസ്ഥയിലായി. ഏതാണ്ട് രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ആണ് എണീറ്റത്. ഉടൻ തന്നെ ഒരു തുണിയിൽ കുഞ്ഞിനെ പൊതിയുകയും മാല്യന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി കളയുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. കേസ് വീണ്ടും ഫെബ്രുവരിയിൽ പരിഗണിക്കും.