സൗദിയില്‍ 20 തൊഴിലുകളെ സ്വദേശിവത്കരണത്തില്‍ നിന്ന് ഒഴിവാക്കി; പ്രവാസികൾക്ക് ആശ്വാസം

സൗദിയില്‍ കാര്‍ഷിക, മത്സ്യബന്ധന മേഖലകളിലെ ഇരുപതു തൊഴിലുകളെ സ്വദേശിവത്കരണത്തില്‍ നിന്ന് ഒഴിവാക്കി. രണ്ടു മന്ത്രാലയങ്ങളും ചേർന്നു രൂപീകരിച്ച കരാറിൻറെ അടിസ്ഥാനത്തിലാണ് തീരുമാനം. മലയാളികളടക്കമുള്ളവർക്ക് ആശ്വാസകരമാണ് പുതിയ നടപടി. 

മത്സ്യബന്ധനം, കൃഷി, കന്നുകാലി കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങി കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട താഴേതട്ടിലുള്ള ഇരുപതു തൊഴിലുകളാണ് സൗദിവത്ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ സെപ്റ്റംബർ മുപ്പതു തുടങ്ങിയാണ് മൽസ്യബന്ധന മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കിയത്. 

ഓരോ ബോട്ടിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നതായിരുന്നു നിയമം. മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെടെ ആയിരങ്ങളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. സ്വദേശിവൽക്കരണം നടപ്പാക്കിയതോടെ പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. 

അതിനാൽതന്നെ ഇളവു പ്രഖ്യാപിച്ചത് ഇവര്‍ക്ക് ആശ്വാസമാകും. അതിനിടെ, കാര്‍ഷികമേഖലയില്‍ നവസാങ്കേതിക വിദ്യകളുപയോഗിക്കുന്ന നിക്ഷേപകർക്ക് വിദേശതൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ വീസകളനുവദിക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവൽക്കരണം നടപ്പാക്കിയ എല്ലാ മേഖലകളിലും ശക്തമായ പരിശോധന തുടരുകയാണ്.