സൗദിയിൽ നിന്നു ഫൈനൽ എക്സിറ്റിൽ മടങ്ങുന്നവർക്കു എക്സിറ്റ് കോപ്പി നിർബന്ധമാക്കി

സൗദിയിൽ നിന്നു ഫൈനൽ എക്സിറ്റിൽ മടങ്ങുന്നവർക്കു വീണ്ടും പുതിയ വീസ സ്റ്റാമ്പ് ചെയ്യുന്നതിന് എക്സിറ്റ് കോപ്പി നിർബന്ധമാക്കി. മുംബയിലെ സൗദി കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ഏഴു തുടങ്ങി നിയമം പ്രാബല്യത്തില്‍ വരും.

സൗദിയിൽ നിന്നു എക്സിറ്റ് വീസയിൽ നാട്ടിലേക്ക് മടങ്ങുന്നവർക്കു പുതിയ വീസയിൽ വരുന്നതിനു മറ്റു തടസങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ല. എന്നാൽ, ഫൈനല്‍ എക്സിറ്റില്‍ മടങ്ങിയവര്‍ ഇനി മുതൽ എക്സിറ്റ് രേഖകളുടെ പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ പുതിയ വീസ സ്റ്റാമ്പ് ചെയ്ത് നല്‍കുകയുള്ളൂവെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. ഇന്ത്യയിലെ റിക്രൂട്ടിങ് ഓഫീസുകളേയും ട്രാവല്‍സുകൾകളെയും കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എക്സിറ്റ് വീസ അടിക്കുമ്പോൾ സൗദി പാസ്പോര്‍ട് ഓഫീസിൽ നിന്നും ലഭിക്കുന്ന രേഖയോ വിദേശികളുടെ വീസ സംബന്ധമായ സേവനങ്ങൾ നൽകുന്ന മുഖീം സിസ്റ്റത്തിൽ നിന്നുള്ള റിപ്പോർട്ടോ ലഭ്യമാക്കണം. ഈ മാസം ഏഴുമുതല്‍ പുതിയ വീസ അപേക്ഷയോടൊപ്പം ഈ രേഖകൾ കൂടി സമർപ്പിച്ചാൽ മാത്രമേ നടപടികൾ പൂർത്തിയാക്കാൻ കഴിയൂ.

റീ എൻട്രി വീസയിൽ അവധിക്കു പോയി തിരിച്ചു വരാത്തവർക്ക് മൂന്നു വർഷം കഴിഞ്ഞെങ്കിൽ മാത്രമേ വീണ്ടും പുതിയ വീസയിൽ രാജ്യത്ത് പ്രവേശിക്കാൻ അനുവാദമുള്ളൂ. എന്നാൽ ഇങ്ങനെയുള്ളവർ മൂന്നു വർഷം തികയുന്നതിനു മുമ്പ് തന്നെ പുതിയ വീസക്ക് അപേക്ഷിക്കുന്നത് വ്യാപകമായതിനെത്തുടർന്നാണ് നിയമം ശക്തമാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.