സൗദിലേക്കുള്ള എംബസി അറ്റസ്റ്റേഷൻ ഇനി നോർക്ക റൂട്സ് വഴി

സൗദി അറേബ്യയിലേക്കുള്ള ഉദ്യോഗാർഥികളുടെ എംബസി അറ്റസ്റ്റേഷൻ ഇനി നോർക്ക റൂട്സ് വഴി ലഭിക്കും. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ഓഫീസുകൾ വഴി നാളെ തുടങ്ങി സർട്ടിഫിക്കേറ്റുകൾ സാക്ഷ്യപ്പെടുത്താനാകും. ഇതോടെ, എല്ലാ ജി.സി.സി രാജ്യങ്ങളിലേയും എംബസി അറ്റസ്റ്റേഷന് നോർക്കയുടെ സേവനം ലഭ്യമാകും. 

എന്നും പ്രവാസികൾക്കൊപ്പമെന്ന ആപ്തവാക്യം അന്വർഥമാക്കിയാണ് ഉദ്യോഗാർഥികൾക്ക് അറ്റസ്റ്റേഷൻ നടപടികൾ ലളിതമാക്കാൻ നോർക്കയുടെ ഇടപെടലുണ്ടാകുന്നത്. സൗദി അറേബ്യയിലേക്കു ജോലിക്കു പോകുന്ന മലയാളികളുടെ സർട്ടിഫിക്കേറ്റുകൾ സാക്ഷ്യപ്പെടുത്താൻ ഇനി നോർക്കയെ സമീപിച്ചാൽ മതിയാകും. ഇതോടെ, എല്ലാ ജിസിസി രാജ്യങ്ങളിലേക്കുമുള്ള സർട്ടിഫിക്കേറ്റുകൾ സാക്ഷ്യപ്പെടുത്താൻ നോർക്ക റൂട്സ് വഴി സാധിക്കും. മുൻപ് ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ കാലതാമസമെടുത്ത് ലഭിച്ചിരുന്ന സേവനമാണ് നോർക്കയുടെ കാര്യക്ഷമതകൊണ്ട് കേരളത്തിൽ തന്നെ ലഭ്യമാകുന്നത്. ഖത്തർ, ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ എംബസി അറ്റസ്റ്റേഷൻ ഈ വർഷമാണ് നോർക്ക വഴി ലഭിച്ചു തുടങ്ങിയത്.

സൗദിയിലേക്കുള്ള ഉദ്യോഗാർഥികളുടെ കേരളത്തിൽ നിന്നുള്ള സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തി ലഭിക്കുന്നതെന്ന് നോർക്ക റൂട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. ലക്ഷക്കണക്കിന് പ്രവാസികൾക്ക് പ്രയോജനകരമായ തീരുമാനമാണ് സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്കയുടെ ഇടപെടൽ മൂലം മലയാളികളായ ഉദ്യോഗാർഥികൾക്കു ലഭ്യമാകുന്നത്.