വധുവിനെ വാട്സാപ്പിലൂടെ വിഡ്ഢി എന്നു വിളിച്ചു; യുവാവ് ജയിലില്‍

അബുദാബിയിൽ പ്രതിശ്രുത വധുവിനെ വാട്സാപ്പിലൂടെ വിഡ്ഢി എന്നു വിളിച്ച ജിസിസി പൗരൻ ജയിലിലായി. രണ്ടു മാസത്തെ തടവിനു പുറമേ നാലു ലക്ഷത്തോളം രൂപ (20,000 ദിർഹം) പിഴയുമാണ് ശിക്ഷ. പരാമർശം തന്നെ അപമാനിക്കുന്നതാണെന്നു കാണിച്ച് യുവതി പരാതി നൽകുകയായിരുന്നു. തമാശയായാണ് ആ വാക്ക് ഉപയോഗിച്ചതെന്ന് വാദിച്ചെങ്കിലും രക്ഷയുണ്ടായില്ല. 

തനിക്കു തമാശയായി തോന്നി അയയ്ക്കുന്ന സന്ദേശം സ്വീകാര്യകർത്താവിന് അങ്ങനെ തോന്നണമെന്നില്ലെന്നും ഇത്തരത്തിലെ ഒട്ടേറെ കേസുകളിൽ ഏറ്റവും ഒടുവിലത്തേതാണിതെന്നും കോടതി പരാമർശിച്ചു. 

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തി പരാമർശം യുഎഇയിൽ സൈബർ കുറ്റകൃത്യമായാണ് കാണുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടവുശിക്ഷയ്ക്കു പുറമേ കുറഞ്ഞത് 2.5 ലക്ഷം മുതൽ 10 ലക്ഷം വരെ പിഴയും ഒടുക്കാൻ വ്യവസ്ഥയുണ്ട്.