കുവൈത്തിൽ വിദേശ തൊഴിലാളികളുടെ കേസുകൾ സൗജന്യമായി വാദിക്കും

കുവൈത്തിലെ വിദേശ തൊഴിലാളികളുടെ കേസുകൾ സൗജന്യമായി വാദിക്കുന്നതിന് കുവൈത്ത് മനുഷ്യാവകാശ സമിതി അഞ്ചു അഭിഭാഷകരെ നിയമിക്കുന്നു. തൊഴിലാളികളുടെ പരാതികൾ മനുഷ്യാവകാശ സൊസൈറ്റി വഴി കൈമാറാമെന്നു സൊസൈറ്റി ചെയർമാൻ ഖാലിദ് അൽ ഹുമൈദി വ്യക്തമാക്കി.

കുവൈത്തിലെ വിദേശ തൊഴിലാളികളുടെ പരാതികളും കേസുകളും സങ്കീർണതകളോ കാലതാമസമോ കൂടാതെ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക അഭിഭാഷകരെ നിയമിക്കുന്നത്. രാജ്യത്തെ വിദേശ തൊഴിലാളികളുടെ പരാതികൾ കേട്ട് കുറ്റവിചാരണാനടപടികൾ മനുഷ്യാവകാശ സൊസൈറ്റിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കുമെന്ന് സൊസൈറ്റി ചെയർമാൻ ഖാലിദ് അൽ ഹുമൈദി വ്യക്തമാക്കി. സ്വിസ് ഏജൻസി ഫോർ ഡെവലപ്മെന്റ് ആൻഡ് കോർപ്പറേഷനുമായി സഹകരിച്ച് കുവൈത്ത് മനുഷ്യാവകാശസമിതി വിദേശ തൊഴിലാളികൾക്കായി സമഗ്രപദ്ധതിക്ക് രൂപം നൽകി. 

നിയമ വിദഗ്‌ധരുടെയും നയതന്ത്രപ്രതിനിധികളുടെയും സഹകരണത്തോടെയാണ് അഭിഭാഷകരെ നിയമിച്ചത്. ഇത് സംബന്ധിച്ച് കുവൈത്ത് മനുഷ്യാവകാശസമിതി സംഘടിപ്പിച്ച ശില്പശാലയിൽ വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധർ പങ്കെടുത്തു. അതേസമയം തൊഴിലാളികളുടെ പരാതികൾ കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റിയുടെ ഹോട്ട്‌ലൈൻ നമ്പറിലൂടെ അറിയിക്കാമെന്നും സൊസൈറ്റി വ്യക്തമാക്കി.