35 വർഷം ജോലിചെയ്തു; രാജകീയ യാത്രയയപ്പ്; ഞെട്ടിച്ച് സൗദി കുടുംബം; വിഡിയോ

ഇങ്ങനെയൊരു യാത്രയയപ്പ് ഇന്ത്യക്കാരനായ മിഡോ ഷെരീൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല. 35 വർഷം സൗദിയിലെ ഒരു കുടുംബത്തിൽ ജോലിക്കാരനായിരുന്നു ഷെരീൻ. ഒടുവിൽ ജോലി അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ ആ കുടുംബം അദ്ദേഹത്തിന് എല്ലാ ആദരവും നൽകിയാണ് യാത്രയയച്ചത്. രാജകീയ യാത്രയയപ്പിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.

പ്രായവ്യത്യാസം ഇല്ലാതെ കുടുംബത്തിലെ എല്ലാ അംഗങ്ങളും നേരിട്ടെത്തിയാണ് ഷെരീന് യാത്രയയപ്പ് നൽകിയത്. അംഗങ്ങൾ വരിയായി നിന്ന് യാത്ര പറഞ്ഞു. കുടുംബത്തിലെ ഒരു അംഗം യാത്ര പോകുന്നത് പോലെ ചിലർ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ചുംബിച്ചു. വീട്ടിലെ കൃഷികാര്യങ്ങളും ഹൈവേയിലെ റസ്റ്റ് ഹൗസിൽ ചായയും കാപ്പിയും വിതരണം ചെയ്യുകയുമായിരുന്നു ഈ ഇന്ത്യക്കാരന്റെ ജോലി. വടക്കൻ സൗദിയിലെ അൽ ജോഫിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇതുവഴി പോകുന്ന യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതായിരുന്നു റസ്റ്റ് ഹൗസ്.

യാത്രയാക്കുമ്പോൾ കൈനിറയെ പണവും സമ്മാനങ്ങളും നൽകാൻ സൗദി കുടുംബം മറന്നില്ല. പക്ഷേ, അതിലും വലിയ കാര്യം തങ്ങളെ 35 വർഷം സേവിച്ച വ്യക്തിക്ക് ഇന്ത്യയിൽ എത്തിയ ശേഷം സുഖമായി ജീവിക്കാൻ മാസം പെൻഷൻ പോലെ ഒരു തുക നൽകുമെന്നും ഇവർ പറഞ്ഞു.

ഷെരീൻ പ്രതിനിധീകരിക്കുന്നത് സത്യസന്ധതയാണ്. തങ്ങളുടെ കുടുംബത്തോട് അദ്ദേഹം ചെയ്ത ആത്മാർഥതയും മഹാമനസ്കതയും വളരെ വലുതാണെന്ന് സൗദി കുടുംബാംഗം അവാദ് ഖുദൈർ അൽ റെമിൽ അൽ ഷെമീരി പറഞ്ഞു. കുട്ടികളോടും മുതിർന്നവരോടും എല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ മികച്ചതായിരുന്നു. ഞങ്ങളിൽ ഒരാളെ പോലെയാണ് അദ്ദേഹത്തെ കരുതിയതെന്നും ഉടമസ്ഥരില്‍ ഒരാൾ പറഞ്ഞു. ഞങ്ങൾ എന്താണോ ചെയ്തത് അത് സൗദിയുടെ മൂല്യമാണ്. അതിന് രാജ്യമോ പദവിയോ വിഷയമല്ലെന്നും അൽ ഷെമീരി വ്യക്തമാക്കി.

1980 കാലഘട്ടത്തിലാണ് മിഡോ ഷെരീൻ സൗദിയയില്‍ എത്തിയത്. അന്നുമുതല്‍ സൗദിയിലെ ഈ കുടുംബത്തിന്‍റെ റസ്റ്റ് ഹൗസില്‍ പരിചാരകനായി ജോലി ചെയ്ത് വരികയായിരുന്നു. ഇനി അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്. ഇന്ത്യയിൽ കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ആരോഗ്യസ്ഥിതിയും മോശമായി തുടങ്ങി.