സൗദിയുടെ എണ്ണ കയറ്റുമതി ഉയർന്ന നിലയിൽ; എണ്ണ വില വീണ്ടും കുറയാൻ സാധ്യത

സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. പ്രതിദിന എണ്ണ ഉൽപ്പാദനം പതിനൊന്നു ലക്ഷം ബാരലിലെത്തി. ഇറാനെതിരായ ഉപരോധത്തെതുടർന്നു രാജ്യാന്തര വിപണിയിലെ ആവശ്യകത ഉയർന്നതാണ് ഉൽപ്പാദനം വർധിപ്പിക്കാൻ കാരണം. ഈ മാസം തുടക്കത്തില്‍ പ്രതിദിനം 10.9 ലക്ഷം ബാരലായിരുന്നു സൌദിയുടെ എണ്ണ കയറ്റുമതി. ഇറാനെതിരായ യു.എസ് ഉപരോധത്തെ തുടര്‍ന്ന് രാജ്യാന്തരവിപണിയിൽ സൌദി എണ്ണയുടെ ആവശ്യകത കൂടിയതും, എണ്ണ വില കുറക്കാന്‍ കൂടുതല്‍ വിതരണം വേണമെന്ന യു.എസ്  പ്രസിഡണ്ട് ഡോൺൾഡ് ട്രംപിന്റെ അഭ്യര്‍ഥന മാനിച്ചുമാണ് സൌദി എണ്ണ കയറ്റുമതി കൂട്ടിയത്. 

റഷ്യ ഉൾപ്പെടെ ഒപെക്കിന് പുറത്തുള്ള രാജ്യങ്ങൾ എണ്ണ ഉത്പാദനം വർധിപ്പിച്ചതോടെ ഈ മാസം തുടക്കത്തിൽ എണ്ണവില കുറഞ്ഞിരുന്നു. സൗദി കയറ്റുമതി വർധിപ്പിക്കുന്നതോടെ രാജ്യാന്തര വിപണിയിൽ എണ്ണ വില വീണ്ടും കുറയുമെന്നാണ് വിലയിരുത്തുന്നത്. അടുത്തമാസം വിയന്നയിൽ ചേരുന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തിൽ ഉത്പാദനം നിയന്ത്രിക്കുന്നത് സംബന്ധിച്ചും നിലവിലെ സാഹചര്യങ്ങളും ചർച്ചചെയ്യും. അതുവരെ അധിക ഉത്പാദനം തുടരുമെന്നാണ് സൂചന.