ഖത്തറിനോടും, കാനഡയോടും സ്വരം കടുപ്പിച്ച് സൗദി; കാനഡ മാപ്പുപറയാണമെന്ന് ആവശ്യം

ഖത്തർ, കാനഡ എന്നീ രാജ്യങ്ങളുമായുള്ള നയതന്ത്രപ്രശ്നത്തിൽ സ്വരം കടുപ്പിച്ച് സൌദി അറേബ്യ. കാനഡ മാപ്പുപറയാതെ ഉപരോധം പിൻവലിക്കില്ലെന്ന് സൌദി വിദേശകാര്യമന്ത്രി പറഞ്ഞു. ഉപാധികൾ അംഗീകരിക്കാത്ത പക്ഷം ഖത്തറിനെതിരെയുള്ള ബഹിഷ്കരണം തുടരുമെന്നും യു.എൻ വിദേശകാര്യ കൌൺസിലിൽ മന്ത്രി വ്യക്തമാക്കി.

മനുഷ്യാവകാശത്തിന്റെ പേരിൽ കാനഡയുടെ ഭാഗത്തുനിന്നുണ്ടായ വിമർശനം ഉത്തരവാദിത്തരഹിതവും ശത്രുതപരവുമായിരുന്നുവെന്ന് സൌദി വിദേശകാര്യമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു. സൌദി ഒരു വിധേയരാഷ്ട്രമാണെന്ന് കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നും കാനഡ മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

രണ്ട് വനിതാമനുഷ്യാവകാശ പ്രവർത്തകരെ ജയിലിൽ അടച്ചതിനെതിരെ കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കാനഡ നടത്തിയ പരാമർശമായിരുന്നു സൌദിയെ പ്രകോപിപ്പിച്ചത്. അതേസമയം, സൌദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിക്കാതെ ഖത്തറിനെതിരെയുള്ള ബഹിഷ്കരണം അവസാനിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭീകരതയെ പിന്തുണയ്ക്കുന്ന നയങ്ങളിൽ ഖത്തർ മാറ്റം വരുത്തണം. ഖത്തറിന്റെ പ്രവർത്തികൾ മറ്റു ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ടെന്നും അതിനാലാണ് ശക്തമായ നിലപാടെടുത്തതെന്നും ആദിൽ അൽ ജുബൈർ ന്യൂയോർക്കിൽ വ്യക്തമാക്കി.