അബുദാബിയില്‍ മൊബൈല്‍ ടവറില്‍ ഏഷ്യക്കാരന്‍റെ ആത്മഹത്യാശ്രമം

അബുദാബിയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി വിദേശിയുടെ ആത്മഹത്യാശ്രമം. ടവറിന് മുകളില്‍ കയറിയിരുന്ന ശേഷം താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. 30 വയസില്‍ താഴെ പ്രായമുള്ള ഏഷ്യക്കാരനാണ് ആത്മഹത്യാശ്രമം നടത്തിയെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇയാളുടെ പേരും രാജ്യവും പൊലീസ് പുറത്തുവിട്ടിട്ടില്ല. 

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് വിദേശകാര്യ വിഭാഗം പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുസല്ലം മുഹമ്മദ് അല്‍ അമീരി അറിയിച്ചു. വിവരമറിഞ്ഞയുടന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, പാരാമെഡിക്കല്‍ വിഭാഗങ്ങള്‍ സ്ഥലത്തെത്തി. 

യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വളരെ വേഗം തന്നെ താഴെയിറക്കാന്‍ കഴിഞ്ഞുവെന്നാണ് പൊലീസ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഏറെനേരത്തെ പരിശ്രമത്തിനിടെ പൊലീസ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. ഇയാള്‍ എങ്ങനെ മുകളില്‍ കയറിയെന്ന് വ്യക്തമല്ല.