തൂക്കിക്കൊല്ലുന്നതിന് തൊട്ടുമുന്‍പ് മകന്‍റെ ഘാതകന് മാപ്പ് നല്‍കി പിതാവ്: വിഡിയോ

മരണം തൊട്ടുമുന്നിൽ നിൽക്കുമ്പോൾ, മനസ് കൊണ്ട് മരണത്തെ വരിക്കാൻ തയാറായി നിൽക്കുന്ന യുവാവിന് അവസാനനിമിഷം ജീവനും ജീവിതവും തിരികെ നൽകി ഒരു അച്ഛൻ. സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവാവിനെയാണ് ശിക്ഷ നടപ്പാക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നൽകിയത്. 

ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോെട അപൂർവസംഭവം വൈറലായി. വധശിക്ഷ നടപ്പാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയയപ്പോഴാണ് കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് മാപ്പ് നൽകാനെത്തിയത്. 

സൗദിയിലെ റാബിഗ് ഗവര്‍ണറേറ്റിലാണ്  കൊലപാതകം നടന്നത്. വിചാരണക്കൊടുവില്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു.  പ്രതിക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മുൻപ് വിസമ്മതിച്ചിരുന്നു. ഇതേതുടർന്നാണ് ശിക്ഷ നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചത്.

കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവ് മുഹമ്മദ് ബിന്‍ ദവാസ് അല്‍ ബലദിയും വധശിക്ഷ നടപ്പാക്കുന്നതിന് സാക്ഷിയാവാന്‍ എത്തിയിരുന്നു. എന്നാൽ ആൾക്കൂട്ടത്തിൽ നിന്നിരുന്ന പിതാവ് ശിക്ഷ നടപ്പാക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് തന്റെ മകന്റെ ഘാതകന് താന്‍ മാപ്പുനല്‍കുന്നുവെന്ന് അധികൃതരോട് പറയുകയായിരുന്നു. മകന്റെ ഘാതകന് മാപ്പ് നൽകിയ ആ പിതാവിനെ നിറഞ്ഞ കയ്യടിയോടെയാണ് കൂടിനിന്ന ജനം സ്വീകരിച്ചത്.