ഇന്ത്യയിൽനിന്നുള്ള വനിതാ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ‌റ് ഈ ആഴ്ച

ഇന്ത്യയിൽനിന്നുള്ള വനിതാ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ‌റ് ഈ ആഴ്ച ആരംഭിക്കുമെന്ന് കുവൈത്ത്. കേരളത്തിലെ നോർക്ക-റൂട്ട്സ്, ഒഡെപെക് ഉൾപ്പെടെ ആറ് ഏജൻസികൾക്കാണ് റിക്രൂട്ട്മെൻ‌റിന് അനുമതിയുള്ളത്.  ആദ്യഘട്ടത്തില്‍ നാല്‍പതു മലയാളികളെ  കുവൈത്തിലെത്തിക്കും.

വിദേശത്തുനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കുവൈത്ത് സർക്കാർ അംഗീകൃത സ്ഥാപനമാണ് അൽ ദുറ കമ്പനി. കഴിഞ്ഞാഴ്ച നോർക്ക-റൂട്ട്സ്, ഒഡെപെക് പ്രതിനിധികളുമായി അല്‍ദുറ കമ്പനി അധികൃതർ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. ഇന്ത്യയിൽ നിന്നുള്ള വനിതാ ഗാർഹിക തൊഴിലാളിയെ ലഭിക്കുന്നതിന് തൊഴിലുടമ 460 ദിനാർ ഫീസായി നല്‍കണം. നേരത്തെ അല്‍ദുറ കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് നോർക്ക-റൂട്ട്സ് തയാറാക്കിയ ഡേറ്റാബേസിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 40 മലയാളികള്‍ക്കാണ് ആദ്യഘട്ടത്തിൽ നിയമനം. 

അതേസമയം, ഗാർഹിക തൊഴിലാളികൾ വിൽ‌പനക്ക് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പരസ്യം വർധിക്കുന്നതിൽ കുവൈത്തിലെ മനുഷ്യാവകാശ പ്രവർത്തകർ ആശങ്ക രേഖപ്പെടുത്തി. മനുഷ്യക്കടത്ത് തടയുന്നതിന് സർക്കാർ തലത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന സമീപനമാണിതെന്നാണ് ആരോപണം. നിയമപരമായ നടപടികളിലൂടെ ഇത് തടയണമെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ഹ്യുമൻ റൈറ്റ്സ് ആവശ്യപ്പെട്ടു.