ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയപെരുന്നാൾ

ഗൾഫ് രാജ്യങ്ങളിലും ഇന്ന് ചെറിയപെരുന്നാൾ. ഇരുപത്തിയൊൻപത് ദിവസത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തികുറിച്ച് ഗള്‍ഫിലെ വിശ്വാസികള്‍ ചെറിയ പെരുനാളിന്‍റെ വലിയ ആഘോഷത്തിലേക്ക്. നോമ്പിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്‍റെ കരുത്തിലാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. 

ശവ്വാൽ ചന്ദ്രിക മാനത്ത് തെളിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ പെരുനാള്‍ ആഘോഷം തുടങ്ങി. പെരുനാളിന്‍റെ വരവറിയിച്ച് ആരാധനാലയങ്ങളില്‍ തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. റമസാനിലൂടെ കൈവരിച്ച വിശുദ്ധി തുടര്‍ ജീവിതത്തിനുള്ള ഊര്‍ജമാക്കിയാണ് പെരുനാള്‍ ആഘോഷത്തിലേക്ക് കടക്കുന്നത്. ഒപ്പം നിര്‍ബന്ധിത ഫിത്ര്‍ സകാത്ത് വിതരണത്തിലും വ്യാപൃതരാവുന്നു.

പുലർച്ചെ പള്ളികളിലും ഈദ് ഗാഹുകളിലുമായി പ്രത്യേക പ്രാർഥന നടക്കും. അതേസമയം, നാടും നഗരവും പെരുനാള്‍ തിരക്കിലാണ്. വസ്ത്ര, ഭക്ഷണ വിപണികൾ സജീവമായി. വെള്ളിയാഴ്ചയും പെരുനാളും ഒത്തുവന്നതിന്റെ ഇരട്ടിമധുരമുണ്ട് ഇത്തവണ. സ്വകാര്യ മേഖലയ്ക്ക് രണ്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലും ദിവസം അവധിയുള്ളതിനാല്‍ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ദിവസങ്ങൾ നീളുന്ന ആഘോഷത്തിലാണ്.