റമസാൻ സമ്മാനവുമായി ബഹ്റൈൻ രാജകുമാരൻ; ഞെട്ടൽ മാറാതെ തെരുവിലെ മത്സ്യത്തൊഴിലാളി

മത്സ്യത്തൊഴിലാളിക്ക് റമസാൻ സമ്മാനവുമായി ബഹ്റൈൻ രാജകുമാരൻ. ബിസിനസ് ഒാഫറാണ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസാ അല്‍ ഖലീഫയുടെ മകൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ സാധാരണ മത്സ്യത്തൊഴിലാളിയായ മുഹമ്മദ് അലി ഫലമർസിയുടെ മുന്നിൽ വച്ചത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

മത്സ്യത്തൊഴിലാളിയുമായി അറബിക്കിൽ രാജകുമാരൻ സംസാരിക്കുന്നതാണ് വിഡിയോയിലുള്ളത്. ഹമദ് നഗരത്തിലെ റോഡരികിലാണ് സംഭവം. മത്സ്യത്തൊഴിലാളിക്ക് കടയും മത്സ്യവിൽപനയ്ക്കുള്ള ലൈസൻസും അദ്ദേഹം വാഗ്ദാനം ചെയ്തു. ബഹ്റൈനിലെ ലുലുവിലേയ്ക്ക് സ്ഥിരമായി മത്സ്യമെത്തിക്കാനുള്ള അനുമതിയും അദ്ദേഹം നൽകി. ഇതോടെ തനിക്കൊരു ബോട്ട് വേണമെന്ന് ഫലമർസി ആവശ്യപ്പെട്ടു. ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസെർ രൂപവാലയും രാജകുമാരനോടൊപ്പമുണ്ടായിരുന്നു. ഫലമർസിയിൽ നിന്ന് ഇന്നു മുതൽ ലുലു മത്സ്യം വാങ്ങിത്തുടങ്ങിയതായി ലുലു വാക്താവ് പിന്നീട് അറിയിച്ചു. 

ഇതാദ്യമായാണ് ബഹ്റൈനിലെ ഒരു രാജകുമാരൻ ഒരു മത്സ്യത്തൊഴിലാളിക്ക് നേരിട്ട് ഇത്തരമൊരു അവസരമൊരുക്കിക്കൊടുക്കുന്നത്. എന്നാൽ, രാജകുടുംബത്തിലെ അംഗങ്ങൾ പലപ്പോഴായി തെരുവുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ബഹ്റൈനെക്കുറിച്ച് എന്നും നല്ലതു മാത്രം പറയാറുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയാണ് ഫലമർസി.