ദുബായില്‍ മലയാളിയുടെ വിവാഹത്തില്‍ അതിഥിയായി ഷെയ്ഖ്‌ ഹംദാനും; ചിത്രങ്ങളും വിഡിയോയും

ദുബായ്‌ കിരീടവകാശി ഷെയ്ഖ്‌ ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ്‌ മലയാളിയായ വരൻ റാഷിദിനോടൊപ്പം. ഷംസുദ്ദീൻ മുഹ്‌യുദ്ദീൻ സമീപം.

ഊഷ്മളമായ അടുപ്പത്തിന്‍റെ സ്നേഹ പ്രകടനവുമായി മലയാളി യുവാവിന്റെ വിവാഹത്തില്‍ ദുബായ്‌ കിരീടവകാശി ഷെയ്ഖ്‌ ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ്. ചടങ്ങിന് പിന്നാലെ ഷെയ്ഖ്‌ ഹംദാൻ സമൂഹമാധ്യമങ്ങളിൽ ആ ചിത്രങ്ങള്‍ പങ്കുവയ്ക്കുകകൂടി ചെയ്തു. യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമിന്റെ കൊട്ടാരത്തിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന അസ്‌ലം മുഹ്‌യുദ്ദീന്റെ മകൻ റാഷിദ്‌ അസ്‌ലമിന്റെ വിവാഹത്തിലാണ് ദുബായ്‌ കിരീടവകാശി ഷെയ്ഖ്‌ ഹംദാൻ പങ്കെടുത്തത്. ഷെയ്ഖ് ഹംദാൻ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോെട ആ മലയാളി വിവാഹം ലോകമാകെ വൈറലായി.

മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി സ്വദേശിയായിരുന്ന അസ്‌ലം മുഹ്‌യുദ്ദീൻ,  22 വർഷത്തോളം ദുബായ്‌ ഭരണാധികാരിയുടെ കാര്യാലയ തലവനായി സേവനം ചെയ്തിരുന്നു. അദ്ദേഹം മരിച്ചിട്ട്‌ കഴിഞ്ഞ മാർച്ച്‌ അഞ്ചിനു 13 വർഷം പൂർത്തിയായി. നാട്ടിലും വിദേശത്തുമുള്ള വിശിഷ്ട വ്യക്തികളെയും  പങ്കെടുപ്പിച്ചു ദുബായ്‌ വേൾഡ്‌ ട്രേഡ്‌ സെന്ററിൽ നടന്ന മകൻ റാഷിദിന്റെ വിവാഹ ചടങ്ങിൽ രാജകുടുംബങ്ങളെല്ലാം പങ്കെടുത്തത്‌ ആനപ്പടിക്കൽ കുടുംബത്തോടും മലയാളി സമൂഹത്തോടുമുള്ള ആദരവിന്റെ അടയാളമാളമായാണ് സ്വദേശികളും വിശേഷിപ്പിച്ചത്‌. അറബിക്‌ ടി വി ചാനലുകളും പത്രങ്ങളും വിവാഹവാർത്തകൾ പ്രസിദ്ധപ്പെടുത്തി. മൂവറ്റുപുഴസ്വദേശി ടി.എസ്‌.യഹ്‌യയുടെ മകൾ സബയാണു റാഷിദിന്റെ വധു.