ദുബായിയുടെ ഓളപ്പരപ്പില്‍ ചങ്ങാത്തം കൂടി ഷെയ്ഖ് ഹംദാന്‍; വിഡിയോ

രാജ്യജനതയുടെ തോളില്‍ കയ്യിടുന്നു എന്നതാണ് എന്നും യുഎഇ ഭരണാധികാരികളെ വേറിട്ടുനിര്‍ത്തുന്നത്. എപ്പോള്‍ എവിടെ വേണമെങ്കിലും അവരെ നിങ്ങള്‍ക്ക് കണ്ടെത്താം. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ അംഗവുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ അത്തരമൊരു യാത്രയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.

ദുബായ് ക്രീക്കിലെ അബ്രയിൽ (പ്രത്യേക ജലയാത്രാ വാഹനം) യാത്ര ചെയ്തത് നവമാധ്യമങ്ങളില്‍ ലൈക്കുകള്‍ സ്വന്തമാക്കി. യാത്രയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം തന്നെ പങ്കുവച്ചപ്പോൾ മിനിറ്റുകൾക്കകം അത് ആയിരക്കണക്കിന് പേർ ആസ്വദിച്ചു. യാത്രക്കിടെ അബ്ര ഒാപറേറ്ററോട് അരികിൽ ചെന്ന് ഷെയ്ഖ് ഹംദാൻ കുശലാന്വേഷണം നടത്തി. പേരെന്തെന്ന് ചോദിച്ചപ്പോൾ ഒാപറേറ്റർ പറഞ്ഞു: മുബഷിർ. 

മറുപടി ഇങ്ങനെ: മുബഷിർ, ദൈവം നിങ്ങൾക്ക് നല്ല തിരമാലകൾ സമ്മാനിക്കട്ടെ. അതു കേട്ട് മുബഷർ സന്തോഷത്തോടെ നിറഞ്ഞു ചിരിച്ചു. പാക്കിസ്ഥാനിയായ മുബഷിറും ഇതോടെ താരമായി.