കാൽനടയാത്രക്കാരുടെ ദേഹത്ത് തുപ്പി പണം തട്ടിയിരുന്ന നാലംഗ ആഫ്രിക്കൻ സംഘം അറസ്റ്റിൽ

കാൽനടയാത്രക്കാരുടെ ദേഹത്തേയ്ക്ക് തുപ്പി പണം തട്ടിയിരുന്ന നാലംഗ ആഫ്രിക്കൻ സംഘത്തെ അജ്‌മാൻ പോലീസ് അറസ്റ്റ് ചെയ്തു. തെരുവുകളിൽ ആളുകളെ നിരീക്ഷിച്ച ശേഷമായിരുന്നു പ്രതികളുടെ പിടിച്ചുപറി.

നടന്നുപോകുന്നവരുടെ ശരീരത്തിലേക്കോ വസ്ത്രത്തിലേക്കോ മനപ്പൂർവം  തുപ്പിയ ശേഷം ക്ഷമാപണം നടത്തുകയാണ് ഇവരുടെ പതിവ്. തുപ്പിയ ഭാഗം തുടയ്ക്കുന്ന പോലെ അഭിനയിച്ചു ഞൊടിയിടയിൽ പേഴ്സോ വിലപിടിപ്പുള്ള വസ്തുക്കളോ കൈക്കലാക്കി കടന്നുകളയുകയാണ് ചെയ്യുകയെന്ന് അജ്‌മാൻ സി ഐ ഡി ഡയറ്കടർ മേജർ അഹ്മദ് സഈദ് അൽ നുഐമി പറഞ്ഞു.

അജ്മാനിലെ നഖീൽ മേഖലയിൽ നിന്നാണ് പോലീസ് നിരീക്ഷണത്തിനൊടുവിൽ പ്രതികൾ പിടിയിലായത്.  ഒരാളുടെ ദേഹത്തേക്ക് തുപ്പിയ ശേഷം രണ്ടുപേർ ക്ഷാമപണം നടത്താനെന്ന ഭാവത്തില്‍ അടുത്തെത്തി. ഒരാള്‍ തുപ്പല്‍ തുടക്കുന്ന പോലെ അഭിനയിക്കുന്നതിനിടെ തൊട്ടടുത്തുള്ള പ്രതി പണം  കവര്‍ന്നു  ഓടി. ഇതേ സമയം മറ്റുരണ്ടുപേര്‍ വേറൊരിടത്ത് രക്ഷപ്പെടാനുള്ള വഴിയൊരുക്കി കാത്തു നില്‍ക്കുകയാണ് ചെയ്തിരുന്നത്. ഒരു ടാക്സിയില്‍ രക്ഷപ്പെടാനിരിക്കെയാണ് പ്രതികളെ സി ഐ ഡി ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു അറസ്റ്റ്ചെയ്തത്. കുറ്റം സമ്മതിച്ച ഇവരെ  നിയമനടപികള്‍ക്കായി   പ്രോസിക്യൂഷനു കൈമാറിയതായി മേജര്‍ അഹ്മദ് അറിയിച്ചു.